ലോക്‌സഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ ഖാർഗെയും പ്രിയങ്കയും പ്രചരണത്തിന് നേതൃത്വം നൽകും
|മഹാരാഷ്ട്രയിൽ ശേഷിക്കുന്ന 24 സീറ്റുകളിൽ ആറ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ അവസാന 2 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് നേതൃത്വം നൽകും. മഹാരാഷ്ട്രയിൽ ശേഷിക്കുന്ന 24 സീറ്റുകളിൽ ആറ് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നതിനാൽ പാർട്ടി നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിനെത്തില്ല.
മെയ് 13ന് നടക്കുന്ന നാലാം ഘട്ടത്തിൽ പൂനെ, ജൽന, നന്ദുർബർ എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധി ഇതിനകം പൂനെയിൽ ഒരു പൊതു റാലി നടത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മെയ് 10ന് നന്ദുർബറിൽ പ്രചാരണം നടത്തും. അഞ്ചാം ഘട്ടത്തിൽ വടക്കൻ മഹാരാഷ്ട്രയിലെ ധൂലെയിലും മുംബൈയിലെ രണ്ട് സീറ്റുകളിലും പാർട്ടി മത്സരിക്കുന്നുണ്ട്. ഇവിടെ പ്രചരണത്തിനായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മെയ് 15ന് പൊതുറാലി നടത്തിയേക്കും.
മഹാരാഷ്ട്രയിലെ ഭണ്ഡാര, അമരാവതി, സോലാപൂർ, പൂനെ എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രചാരണ റാലികൾ നടത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ലാത്തൂരിലും ഖാർഗെ നാഗ്പൂരിലും ഒരു റാലിയെ അഭിസംബോധന ചെയ്തിരുന്നു. മെയ് 20 ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. അവിടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും അദ്ദേഹം പ്രചാരണം നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15ന് നാസിക്, ഭിവണ്ടി, മുംബൈ എന്നിവിടങ്ങളിൽ മൂന്ന് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. മെയ് 17ന് അദ്ദേഹം മുംബൈയിൽ റോഡ് ഷോയും നടത്തും. മെയ് 12ന് കേന്ദ്രമന്ത്രി അമിത് ഷായും പൊതുറാലി നടത്തിയേക്കും.