'ജാതി സെൻസസ് നടപ്പാക്കണം'; പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
|2011-ൽ യു.പി.എ സർക്കാരിന്റെ കാലത്ത് നടത്തിയ ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2021-ൽ നടക്കേണ്ട പൊതു സെൻസസും അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 2011-ൽ യു.പി.എ സർക്കാരിന്റെ കാലത്ത് നടത്തിയ ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യമുന്നയിച്ച് ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പുതുക്കിയ ജാതി സെൻസസിന്റെ അഭാവത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തികരണത്തിനും സാമൂഹ്യനീതിക്കും വിശ്വസനീയമായ വിവരങ്ങൾ അപൂർണമാകുമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു. ഈ സെൻസസ് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന് കീഴിലെ സെക്രട്ടറിമാരിൽ ദലിതരുടെയും ഗോത്രവർഗക്കാരുടെയും പ്രാതിനിധ്യം ഏഴ് ശതമാനം മാത്രമാണെന്നും സംവരണ പരിധി 50 ശതമാനമാക്കി നിശ്ചയിച്ചത് എടുത്തുകളയണമെന്നും രാഹുൽ ഗാന്ധി ശനിയാഴ്ച കോലാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആവശ്യപ്പെട്ടിരുന്നു.