India
Kharge reaction after India alliance meeting
India

പോരാട്ടം അവസാനിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് ഫലത്തിൽ ശുഭപ്രതീക്ഷയുണ്ട്: ഖാർഗെ

Web Desk
|
1 Jun 2024 11:22 AM GMT

ഇൻഡ്യ മുന്നണി നേതാക്കളുടെ യോ​ഗത്തിന് ശേഷമായിരുന്നു ഖാർ​ഗെയുടെ പ്രതികരണം.

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തങ്ങൾ സർവശക്തിയുമെടുത്ത് പോരാടിയെന്നും ജനങ്ങൾ പിന്തുണച്ചതിനാൽ നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണൽ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് ഇൻഡ്യ മുന്നണി നേതാക്കൾ യോഗം ചേർന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

പോരാട്ടം അവസാനിച്ചിട്ടില്ല, എല്ലാ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും പൂർണ ജാഗ്രതയിലാണ്. യോഗത്തിനെത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും ഖാർഗെ പറഞ്ഞു. നാലാം തീയതി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തുടർനീക്കങ്ങൾ ആലോചിക്കുന്നതിനാണ് ഇൻഡ്യാ സഖ്യത്തിന്റെ നേതാക്കൾ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നത്.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല്ല, ശരദ് പവാർ, അഖിലേഷ് യാദവ് തുടങ്ങി ഇൻഡ്യാ സഖ്യത്തിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിനെത്തിയില്ല. റെമൽ ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ടതിനാലാണ് യോഗത്തിനെത്താത്തത് എന്നാണ് മമതയുടെ വിശദീകരണം.

Similar Posts