India
ഖാർഗെക്കൊപ്പം ചേർന്നു പ്രവർത്തിക്കും; ജി23 എന്തുകൊണ്ട് പിന്തുണച്ചില്ലെന്ന് അറിയില്ല: ശശി തരൂർ
India

ഖാർഗെക്കൊപ്പം ചേർന്നു പ്രവർത്തിക്കും; ജി23 എന്തുകൊണ്ട് പിന്തുണച്ചില്ലെന്ന് അറിയില്ല: ശശി തരൂർ

Web Desk
|
19 Oct 2022 12:35 PM GMT

''ആയിരത്തിലേറെ കോൺഗ്രസ് നേതാക്കളും വോട്ട് ചെയ്യാൻ കഴിയാത്ത പ്രവർത്തകരും തന്നെ പിന്തുണച്ചു. എല്ലാവർക്കും നന്ദി അറിയിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും''

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് ശശി തരൂർ. ആയിരത്തിലധികം വോട്ട് ലഭിച്ചതിൽ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ ഭാവിയെ കുറിച്ച് ആലോചിക്കാൻ പ്രവർത്തകർക്ക് അവസരം ലഭിച്ചു. മല്ലികാർജുൻ ഖാർഗെ കോൺഗ്രസിനെ നയിക്കുമെന്ന് പാർട്ടിയുടെ ഒമ്പത്തിനായിരത്തിൽ അധികം പ്രതിനിധികൾ തീരുമാനിച്ചു. ഖാർഗെ അനുഭവ സമ്പത്തുള്ള നേതാവാണ്. തുടർന്നും അദ്ദേഹത്തിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും തരൂർ പറഞ്ഞു.

ആയിരത്തിലേറെ കോൺഗ്രസ് നേതാക്കളും വോട്ട് ചെയ്യാൻ കഴിയാത്ത പ്രവർത്തകരും തന്നെ പിന്തുണച്ചു. എല്ലാവർക്കും നന്ദി അറിയിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പാർട്ടിക്ക് വേണ്ടി അധ്വാനിക്കുന്ന നിരവധി പ്രവർത്തകരുണ്ട്. അവരെയും പാർട്ടി കേൾക്കണമെന്നാണ് തന്റെ ആഗ്രഹം. മത്സരിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒരുമിച്ച് നേരിടുമെന്നും തരൂർ വ്യക്തമാക്കി.

നേതൃത്വത്തോടുള്ള എതിർപ്പിന്റെ സ്ഥാനാർത്ഥി ആയല്ല, മാറ്റത്തിന്റെ സന്ദേശം നൽകിയാണ് താൻ മത്സരിച്ചത്. പാർട്ടിയെ കൂടുതൽ മികച്ചതാക്കാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടേണ്ട കാര്യങ്ങളാണ് പരാതിയായി ഉയർത്തിക്കാട്ടിയത്. പാർട്ടിയിലെ പ്രധാന നേതാക്കൾ ഭൂരിപക്ഷവും ഖാർഗെക്ക് ഒപ്പമായിരുന്നു. ആരും മൽസരിക്കുന്നത് തോൽക്കാനല്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുമ്പോൾ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി എല്ലാ പിസിസികളും നിൽക്കുമെന്ന് കരുതിയില്ല. അത് നേരിട്ട് അനുഭവിച്ചപ്പോഴാണ് മനസ്സിലായത്. ആയിരം വോട്ടിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. തനിക്ക് വോട്ട് നൽകാം എന്ന് പറഞ്ഞവർ മുഴുവൻ വോട്ട് ചെയ്‌തോ എന്ന് അറിയില്ലെന്നും തരൂർ പറഞ്ഞു.

ജി23 നേതാക്കൾ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ കൂടെ നിന്നില്ലെന്ന് അറിയില്ല. രണ്ടു വർഷം മുമ്പ് ഒറ്റക്കെട്ടായി തീരുമാനിച്ച ആശയം മുൻനിർത്തിയാണ് താൻ മത്സരിച്ചത്. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. ഉള്ള പദവികളിൽ മികച്ച പ്രകടനം നടത്തും. രാഹുൽ ഗാന്ധിക്ക് നിലവിലുള്ള സ്ഥാനം തുടർന്നും നൽകണം. ഭാരത് ജോഡോ യാത്ര എല്ലാ സമയത്തും കോൺഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽനിന്ന് എത്ര വോട്ട് ലഭിച്ചെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ തരൂർ തയ്യാറായില്ല. അതേസമയം 140ന് മുകളിൽ വോട്ട് ലഭിച്ചെന്നാണ് തരൂർ ക്യാമ്പിൽനിന്ന് ലഭിക്കുന്ന വിവരം.

Similar Posts