India
kharge vs modi
India

മോദിയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഖാര്‍ഗെ

Web Desk
|
1 July 2024 8:09 AM GMT

തെരഞ്ഞെടുപ്പു വേളയിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിച്ചത്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭയിൽ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . തെരഞ്ഞെടുപ്പ് കാലത്തു മോദി നടത്തിയത് വർഗീയ പ്രസംഗങ്ങളാണ്. മുസ്‍ലിംകളെ കടന്നാക്രമിക്കുകയായിരുന്നു. മോദിയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഖാർഗെ പറഞ്ഞു.

തെരഞ്ഞെടുപ്പു വേളയിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിച്ചതെന്ന് ആരോപിച്ച അദ്ദേഹം മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ മതവുമായി ബന്ധിപ്പിച്ച മോദിക്ക് തക്ക മറുപടിയാണ് രാജ്യത്തെ ജനങ്ങൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നീറ്റ് പരീക്ഷാർത്ഥികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. "കഴിഞ്ഞ ഏഴ് വർഷത്തിനിടെ 70 പേപ്പർ ചോർച്ചകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ 2 കോടി യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്." അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാർ തങ്ങളുടെ ഏജൻസികളിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നതിനെയും ഖാര്‍ഗെ പരാമര്‍ശിച്ചു. "ഇന്‍ഡ്യാ മുന്നണി മുഖ്യമന്ത്രിമാരെ ജയിലിലടക്കുന്നു.നിങ്ങൾ ഞങ്ങളെ അഹങ്കാരികളെന്ന് വിളിക്കുന്നു, എന്നാൽ മുൻ സർക്കാരിലെ നിങ്ങളുടെ 17 മന്ത്രിമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് നിങ്ങൾ മറക്കുന്നു.ആളുകൾക്ക് മുദ്രാവാക്യങ്ങൾ ആവശ്യമില്ല. അവർക്ക് വേണ്ടത് പ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷം ഇത് പറയുന്നു. വെറുതെ മുദ്രാവാക്യം വിളിക്കാതെ കുറച്ചെങ്കിലും ജോലി ചെയ്യുക'' ഖാര്‍ഗെ പറഞ്ഞു.

"തെരഞ്ഞെടുപ്പിലെ രാഷ്ട്രീയവും ധാർമികവുമായ ആഘാതത്തിന് ശേഷം മോദിയും ബി.ജെ.പിയും ഭരണഘടനയെ ബഹുമാനിക്കുന്നതായി നടിക്കുന്നു. എന്നാൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന നീതിന്യായ വ്യവസ്ഥയുടെ മൂന്ന് നിയമങ്ങൾ 146 എം.പിമാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് നിർബന്ധിതമായി പാസാക്കുകയായിരുന്നു എന്നതാണ് സത്യം. ഇന്‍ഡ്യാ മുന്നണി ഈ 'ബുൾഡോസർ നീതി' ഇനി പാർലമെൻ്ററി സംവിധാനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല'' പുതിയ ക്രിമിനൽ നിയമത്തെക്കുറിച്ച് ഖാർഗെ എക്‌സിൽ കുറിച്ചു.

Similar Posts