'വീൽചെയറിനായി കാത്തുനിന്നത് 30 മിനിറ്റ്'; എയർഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ഖുശ്ബു, മാപ്പ് പറഞ്ഞ് കമ്പനി
|'മറ്റൊരു എയർലൈനിൽ നിന്ന് കടം വാങ്ങിയാണ് വീൽചെയർ നൽകിയത്'
ചെന്നൈ: വിമാനത്താവളത്തിൽ എയർഇന്ത്യയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യൻ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. എയർ ഇന്ത്യ വിമാനത്തിൽ കയറാൻ ചെന്നൈ വിമാനത്താവളത്തിൽ കാത്തിരിക്കുമ്പോഴാണ് നിരാശാജനകമായ അനുഭവമുണ്ടായതെന്ന് അവർ ട്വീറ്റ് ചെയ്തു.
കാൽമുട്ടിന് പരിക്കേറ്റതിനാൽ തനിക്ക് വീൽചെയർ ആവശ്യമായിരുന്നെന്നും എന്നാൽ അത് ലഭിക്കാനായി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നത് അരമണിക്കൂറാണെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. കാൽമുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാൻ അടിസ്ഥാനപരമായി വേണ്ട വീൽചെയർ പോലും ലഭ്യമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞില്ല. മറ്റൊരു എയർലൈനിൽ നിന്ന് വീൽചെയർ കടം വാങ്ങിയാണ് തനിക്ക് നൽകിയതെന്നും ഖുശ്ബു പറയുന്നു. എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.എയർ ഇന്ത്യ അവരുടെ സേവനങ്ങൾ ഇനിയും മെച്ചപ്പെടുത്തണമെന്നും അവർ ട്വീറ്റ് ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എയർ ഇന്ത്യ ക്ഷമാപണവുമായി രംഗത്തെത്തി. ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് ക്ഷമാപണം നടത്തിയത്. നിങ്ങൾക്കുണ്ടായ മോശം അനുഭവത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.
അടുത്തിടെയാണ് അപകടത്തിൽപ്പെട്ട് ഖുശ്ബുവിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റതിന്റെ ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.