പശുക്കടത്ത് ആരോപിച്ച് കൊലപാതകം: യുവാക്കളുടെ ബന്ധുക്കള്‍ക്ക് ധനസഹായവുമായി കിസാന്‍സഭ
|ആവശ്യമായ നിയമ സഹായം നൽകുമെന്ന് കിസാൻ സഭ പ്രതിനിധി സംഘം പറഞ്ഞു.
ഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ ചുട്ടുകൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കൾക്ക് ധനസഹായവുമായി അഖിലേന്ത്യാ കിസാൻ സഭ. ഒരു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട ജുനൈദിന്‍റെയും നസിറിന്‍റെയും കുടുംബത്തിന് നൽകി. ആവശ്യമായ നിയമ സഹായം നൽകുമെന്നും കിസാൻ സഭ പ്രതിനിധി സംഘം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ രാജസ്ഥാനിലെ വീടുകൾ സന്ദർശിച്ച അഖിലേന്ത്യാ കിസാൻ സഭാ സംഘം, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടും നാട്ടുകാരോടും ചർച്ച നടത്തി. പശുക്കടത്തിന്റെ പേരിൽ മുസ്‍ലിം യുവാക്കളെ ആക്രമിക്കുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്യുന്നത് വർധിച്ചുവരികയാണെന്ന് കിസാൻ സഭാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു. ക്രൂരമായ കൊലപാതകം നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനത്തിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗ്രാമത്തിൽ നടന്ന പ്രതിഷേധത്തിൽ കിസാൻ സഭാ സംഘം പങ്കെടുത്തു. കിസാൻ സഭാ സെക്രട്ടറി പി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഇന്ദർജിത് സിംഗ്, എ.ഐ.എ.ഡബ്ല്യു.യു ജോയിന്‍റ് സെക്രട്ടറി വിക്രം സിംഗ്, രാജസ്ഥാൻ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി സഞ്ജയ് മാധവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.