India
കിറ്റെക്‌സ് സംഘം തെലങ്കാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
India

കിറ്റെക്‌സ് സംഘം തെലങ്കാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
9 July 2021 1:27 PM GMT

എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവുമായി ചര്‍ച്ച നടത്തുകയും വാറങ്കല്‍ വ്യവസായ മേഖല സന്ദര്‍ശിക്കുകയും ചെയ്തു

തെലങ്കാനയിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചയ്ക്കായി ഹൈദരാബാദിലെത്തിയ കിറ്റെക്‌സ് സംഘം സർക്കാർവൃത്തങ്ങളുമായി ഔദ്യോഗിക ചർച്ച നടത്തി. എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവുമായാണ് കൂടിക്കാഴ്ച നടത്തി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തത്. വാറങ്കൽ വ്യവസായ മേഖലയും ഇവർ സന്ദർശിച്ചു.

തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയ സംഘം വ്യവസായ മന്ത്രി കെടി രാമറാവുവുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ചർച്ചയ്ക്കുശേഷം സംഘം വാറങ്കൽ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക് സന്ദർശിച്ചു. പാർക്കിൽ പുതിയ സംരംഭം തുടങ്ങാനുള്ള സ്ഥലവും സംഘം പരിശോധിച്ചു. വാറങ്കൽ ജില്ലാ കലക്ടറും സംഘത്തിനൊപ്പമുണ്ടായിരുന്നു.

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും വ്യവസായമേഖലയിലെ സന്ദർശവും പ്രതീക്ഷ നൽകുന്നതാണെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് പ്രതികരിച്ചു. നാളെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും സംഘം ചർച്ച നടത്തും.

കേരളത്തിന് പുറത്ത് പുതിയ നിക്ഷേപങ്ങൾ നടത്താനാണ് കിറ്റെക്‌സിന്റെ തീരുമാനം. പിടിച്ചുനിൽക്കാനായില്ലെങ്കിൽ നിലവിലുള്ള വ്യവസായംകൂടി കേരളത്തിനു പുറത്തേക്ക് മാറ്റുന്നതു സംബന്ധിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 3,500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽനിന്ന് പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ആരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് സാബു ജേക്കബ് പറഞ്ഞത്. സംസ്ഥാന സർക്കാർ തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നു. മൃഗത്തെപ്പോലെ വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, തെലങ്കാന സന്ദർശനത്തിനു പിന്നാലെ കിറ്റെക്‌സിന്റെ ഓഹരിവിപണിയിലും കുതിപ്പുണ്ടായി. ഇന്നുമാത്രം 21 രൂപയുടെ വർധനയാണുണ്ടായത്.

Related Tags :
Similar Posts