' കെ.കെയുടെ മുഖത്തും തലയ്ക്കും മുറിവ്'; പോസ്റ്റ്മോർട്ടം ഇന്ന്
|മരണം സംഭവിച്ച ഗ്രാൻഡ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും
കൊൽക്കത്ത: പ്രശസ്ത ഗായകൻ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണം സംഗീതാസ്വാദകരെ മുഴുവന്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് കെ.കെ കുഴഞ്ഞ് വീണ് മരിക്കുന്നത്. മൃതദേഹത്തിൽ മുഖത്തും തലയിലും മുറിവേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത് കുഴഞ്ഞുവീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലുംമരണകാരണം കണ്ടെത്തുന്നതിനായി ഇന്ന് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വഭാവികതക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.മരണം സംഭവിച്ച ഗ്രാൻഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ഹോട്ടൽ ജീവനക്കാരിൽ നിന്നും പരിപാടിയുടെ സംഘാടകരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
കൃഷ്ണകുമാറിന് പരിപാടിക്കിടെ ശാരീരിക അവശതകൾ ഉണ്ടായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. സംഗീത പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാനാകാത്തത്രയും കാണികളുണ്ടായിരുന്നെന്നും പരാതിയുണ്ട്. എ.സി പ്രവർത്തന ക്ഷമമാക്കാൻ സംഘാടകരോട് കൃഷ്ണകുമാർ ആവശ്യപെട്ടതായും പറപ്പെടുന്നു. അതേസമയം, സംഗീതപരിപാടി നടന്ന കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ ജനബാഹുല്യവും സംഘാടകർ നിയന്ത്രിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബി.ജെ.പിയാണ് സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളായ 'കല്ലൂരി സാലേ', 'ഹലോ ഡോക്ടർ' എന്നിവയിലൂടെ പിന്നണി ഗായകനെന്ന നിലയിൽ കെ.കെക്ക് ബ്രേക്ക് ലഭിക്കുന്നത്. ബോളിവുഡിൽ, ഗുൽസാറിന്റെ മാച്ചിസിലെ 'ഛോദ് ആയേ ഹം' ഗാനത്തിന്റെ ചെറിയ ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ 'തഡപ് തഡപ് കേ' എന്ന ഗാനമായിരുന്നു കെ.കെയുടെ ആദ്യ മുഴുനീള ബോളിവുഡ് ഗാനം. മലയാളിയാണെങ്കിലും പുതിയ മുഖം എന്ന ചിത്രത്തിലെ 'രഹസ്യമായി' എന്ന ഗാനത്തിലൂടെയാണ് കെ.കെ എന്ന ആദ്യമായി മലയാളത്തിൽ പാടുന്നത്.