ഡല്‍ഹി മദ്യനയക്കേസ്; സുപ്രീം കോടതിയെ സമീപിച്ച് ബി.ആര്.എസ് നേതാവ് കെ. കവിത
|മാര്‍ച്ച് 23 വരെ ചോദ്യം ചെയ്യുന്നതിനായി കവിതയെ കസ്റ്റഡിയില്‍ വിട്ടു
ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബി.ആര്.എസ് നേതാവ് കെ. കവിത സുപ്രീം കോടതിയെ സമീപിച്ചു. ഇ.ഡി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മദ്യനയക്കേസില്‍ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു അറസ്റ്റ്.
അഭിഭാഷകന് പി.മോഹിത് റാവുവാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. മാര്‍ച്ച് 16ന് കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത കവിതയെ ഡല്‍ഹി കോടതി ഒരാഴ്ചത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. ഇതാണ് ഹരജി നല്കാന് കാരണമെന്നാണ് റിപ്പോർട്ട്.
മാര്‍ച്ച് 23 വരെ ചോദ്യം ചെയ്യുന്നതിനായി കവിതയെ കസ്റ്റഡിയില്‍ വിടണമെന്ന് അന്വേഷണ ഏജന്‍സിയുടെ ആവശ്യം കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത്.ചോദ്യം ചെയ്യലിനായി കവിതയെ പലതവണ വിളിപ്പിച്ചെങ്കിലും രണ്ട് സമന്‍സുകള്‍ അവര്‍ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കേസില്‍ കവിതയെ മൂന്ന് തവണ ചോദ്യം ചെയ്യുകയും പി.എം.എല്‍.എ പ്രകാരം കേന്ദ്ര ഏജന്‍സി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ സി.ബി.ഐയും കവിതയെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
ഇ.ഡി കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് കവിത. ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും ഇതേ കേസില്‍ ജയിലിലാണ്.