'എന്റെ മകള്‍ ഒരിക്കലും തിരികെ വരില്ല, ഇനി അവളുടെ ശബ്ദം കേള്‍ക്കാനോ ചിരി കാണാനോ സാധിക്കില്ല'; കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ്
|ഒരു ഡോക്ടറാവുക എന്നത് തന്റെ മകളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ്
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം കടുക്കുകയാണ്. ആർ ജി കാർ ആശുപത്രി പ്രിന്‍സിപ്പല്‍ സന്ദീപ് ഗോഷിനെ തുടർച്ചയായി ആറാം ദിവസവും സി.ബി.ഐ സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.
ഒരു ഡോക്ടറാവുക എന്നത് തന്റെ മകളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് ദ് ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ദരിദ്രമായ കുടുംബത്തില്‍ നിന്നുള്ളവരാണ് തങ്ങളെന്നും തയ്യല്‍ക്കാരനായ താന്‍ വളരെയധികം കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ചതെന്നും പിതാവ് പറയുന്നു. ഡോക്ടറാകാൻ അവൾ വളരെ കഠിനാധ്വാനം ചെയ്തു. എപ്പോഴും പഠിത്തം തന്നെ. ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒറ്റരാത്രികൊണ്ട് തകർന്നു. ഞങ്ങൾ അവളെ ജോലിക്ക് അയച്ചു, ആശുപത്രി ഞങ്ങൾക്ക് അവളുടെ ശരീരം നൽകി. ഇതോടെ എല്ലാം പൂര്‍ത്തിയായി'' അദ്ദേഹം പറയുന്നു. ''എന്റെ മകള്‍ ഒരിക്കലും തിരികെ വരില്ല. ഇനിയൊരിക്കലും അവളുടെ ശബ്ദം കേള്‍ക്കാനോ ചിരി കാണാനോ സാധിക്കില്ല. അവള്‍ക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഗസ്ത് 9നാണ് പിജി ട്രെയിനി ഡോക്ടറായ യുവതിയെ കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റായ് ആണ് പ്രതി. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.