'വർക്ക് ഫ്രം മണ്ഡപം': വിവാഹചടങ്ങിനിടെ ലാപ്‌ടോപ്പിൽ ജോലി ചെയ്ത് വരൻ; വിമര്‍ശനവുമായി സോഷ്യൽമീഡിയ
|സ്വന്തം കല്യാണം പോലും ആസ്വദിക്കാൻ അനുവദിക്കാത്ത തൊഴിൽ അന്തരീക്ഷത്തെ പ്രോത്സാഹിക്കരുതെന്ന് കമന്‍റ്
കൊൽക്കത്ത: കോവിഡ് മഹാമാരിയെ തുടർന്നാണ് ലോകമെമ്പാടും വർക് ഫ്രം ഹോം നടപ്പാക്കുന്നത്. 2020 മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ വിവാഹദിവസവും ഒഴിവില്ലാതെ ജോലി ചെയ്യേണ്ടി വന്നാലോ..അതും കല്യാണ മണ്ഡപത്തിൽവെച്ച്. വല്ലാത്ത അവസ്ഥയായിരിക്കും അല്ലേ..എന്നാൽ അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കല്യാണമണ്ഡപത്തിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന വരന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൊൽക്കത്തയിലാണ് സംഭവം. വിവാഹചടങ്ങിനെത്തിയപൂജാരിമാർ വരനെ അനുഗ്രഹിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ ലാപ്‌ടോപ്പിൽ മുഴുകിയിരിക്കുകയാണ് വരൻ.
'കൽക്കട്ട ഇൻസ്റ്റാഗ്രാമേഴ്സ്' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഫോട്ടോ പങ്കിട്ടത്. പൂജാരിമാർ ചടങ്ങുകൾ നടത്തി വരനെ അനുഗ്രഹിക്കുമ്പോൾ ലാപ്ടോപ്പിൽ തന്റെ ജോലിയിൽ മുഴുകിയിരിക്കുന്നത് ഫോട്ടോയിൽ കാണാം. വർക് ഫ്രം ഹോം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. വിവാഹസമയത്ത് ഇങ്ങനെയുള്ള ജോലിയെടുക്കുന്ന സുഹൃത്തിനെ ടാഗ് ചെയ്യാനും അടിക്കുറിപ്പിൽ പറയുന്നു.
ഫോട്ടോ നിമിഷനേരം കൊണ്ട് വൈറലായി. എന്നാൽ പലരും വരന്റെ ജോലിയെടുക്കലിനെ വിമർശിച്ചു. ഒരു വ്യക്തിയെ സ്വന്തം കല്യാണം പോലും ആസ്വദിക്കാൻ അനുവദിക്കാത്ത വിഷമയമായ തൊഴിൽ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നാണ് ചിലരുടെ കമന്റ്. ''എനിക്ക് ഇത് തമാശയായി തോന്നുന്നില്ല. ഒരു സ്ഥാപനവും ജീവനക്കാരനോട് അവരുടെ വിവാഹ ദിവസങ്ങളിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നില്ല, ഫോട്ടോ സത്യമാണെങ്കിൽ ഈ വ്യക്തി തൊഴിൽ ജീവിത ബാലൻസ് പഠിക്കുകയും വേണം! അവൻ വിവാഹം കഴിക്കുന്ന സ്ത്രീയെ ദൈവം അനുഗ്രഹിക്കട്ടെ.'' എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ ഇത്തരം 'വിഷകരമായ തൊഴിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കരുത്, ഇതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നായിരുന്നു മറ്റൊരു കമന്റ്.