ചെടികളെ നശിപ്പിക്കുന്ന ഫംഗസ് രോഗം മനുഷ്യനിലും കണ്ടെത്തി; ലോകത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിൽ
|രോഗം കണ്ടെത്തിയത് ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധർ
കൊൽക്കത്ത: ചെടികളെ നശിപ്പിക്കുന്ന ഫംഗസ് രോഗം ലോകത്ത് ആദ്യമായി മനുഷ്യരിലും സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ 61-കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിനാണ് രോഗം കണ്ടെത്തിയത്. ശബ്ദം പരുക്കനാകുക, ചുമ, ക്ഷീണം, മൂന്ന് മാസമായി ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളായിരുന്നു ഇയാളിൽ പ്രകടമായിരുന്നത്. തുടർന്നാണ് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നിരവധി ആരോഗ്യപരിശോധനകള്‍ നടത്തിയെങ്കിലും ആദ്യം രോഗകാരണം കണ്ടെത്താനായില്ല. ഒടുവിൽ സിടി സ്‌കാനിലാണ് ശ്വാസനാളത്തിന്റെ വലതുഭാഗത്തായി പാരട്രാഷ്യൽ കുരു കണ്ടെത്തിയത്. ഇതിന്റെ സാമ്പിളുകൾ ലോകാരോഗ്യ സംഘടനക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ പരിശോധന ഫലത്തിലാണ് രോഗത്തിന് കാരണം 'കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം ' എന്ന ഫംഗസാണെന്ന് കണ്ടെത്തുന്നത്.
റോസ് കുടുബത്തിലെ സസ്യങ്ങളുടെ സിൽവർ ലീഫ് രോഗത്തിന് കാരണമാകുന്ന സസ്യരോഗമാണ് 'കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം'. മൈക്കോളജിസ്റ്റ് ആയതിനാൽ രോഗി ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നിരന്തരം ചീഞ്ഞളിഞ്ഞ വസ്തുക്കളുമായും മറ്റ് സസ്യ ഫംഗസുകളുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം,രോഗകാരിയായ ഫംഗസ് രോഗാണുക്കളുമായി പ്രവർത്തിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. രോഗിക്ക് പ്രമേഹം, എച്ച്‌ഐവി അണുബാധ, തുടങ്ങിയ മാരക രോഗങ്ങളൊന്നും ഇല്ലായിരുന്നെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഏകദേശം രണ്ട് വർഷത്തോളം രോഗി ചികിത്സയിലായിരുന്നെന്നും പിന്നീട് രോഗം പൂർണമായി മാറിയെന്നും ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
''പരിസ്ഥിതിയിൽ കാണപ്പെടുന്ന ദശലക്ഷക്കണക്കിന് ഫംഗസുകളിൽ ഏതാനും മാത്രമേ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കൂ. സസ്യങ്ങളെ ബാധിക്കുന്ന ഫംഗൽ രോഗാണുക്കൾ മനുഷ്യരിൽ ബാധിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഗവേഷകർ പറയുന്നു. രോഗാണുവിന്റെ സ്വഭാവമോ,മറ്റുള്ളവരിലേക്ക് പടരുന്നതിനെക്കുറിച്ചോ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ആരോഗ്യമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇനിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ രോഗം കണ്ടെത്തിയത് ആശങ്കാജനകമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.