21 ദിവസം പ്രായമായ മകളെ നാലുലക്ഷം രൂപക്ക് വിറ്റു; അമ്മയടക്കം നാലുപേർ അറസ്റ്റിൽ
|അയല്‍വാസിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്
കൊൽക്കത്ത: കൊൽക്കത്തയിൽ മകളെ മറ്റൊരു സ്ത്രീക്ക് വിറ്റ യുവതി അറസ്റ്റിൽ. വെറും 21 ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് നാലുലക്ഷം രൂപക്ക് വിറ്റത്. കൊൽക്കത്തയിലെ നൊനഡംഗയിലെ റെയിൽ കോളനിയിൽ താമസിക്കുന്ന രൂപാലി മൊണ്ടൽ കുഞ്ഞിനെ വിൽപന നടത്തിയെന്ന് ആനന്ദപൂർ പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
പൊലീസ് ചോദ്യം ചെയ്തെങ്കിലും യുവതി ഇക്കാര്യം നിഷേധിച്ചു. തുടർന്ന് രൂപാലി മൊണ്ടവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീടാണ് കുഞ്ഞിനെ വിറ്റ കാര്യം സമ്മതിച്ചത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടനിലക്കാരായ രൂപ ദാസ്, സ്വപ്ന സർദാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡ്നാപൂരിലെ കല്യാണി ഗുഹ എന്ന സ്ത്രീക്കാണ് കുട്ടിയെ കൈമാറിയതെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് കുഞ്ഞിനെ വാങ്ങിയ കല്യാണി ഗുഹയെയും പൊലീസ് അറസ്റ്റു ചെയ്തു.
വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും കുട്ടികളില്ലാത്ത കല്യാണി ഗുഹ കുഞ്ഞിനെ പണം കൊടുത്ത് വാങ്ങുകയായിരുന്നു. ഇവരുടെ പക്കലിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തിൽ ഏൽപ്പിച്ചു. രൂപാലിയുടെ അയൽവാസിയായ പ്രതിമ ഭുയിൻയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.