വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല; ബംഗാൾ ഗവർണർ ഇന്ന് അമിത് ഷായെ കാണും, പ്രതിയുടെ നുണ പരിശോധന നടത്താനൊരുങ്ങി സി.ബി.ഐ
|വനിത ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുകയാണ്
കൊല്‍ക്കത്ത: കൊൽക്കത്തയിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. അതേസമയം പ്രതിയുടെ പോളിഗ്രാഫ് ടെസ്റ്റ് നടത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടുകയാണ് സി.ബി.ഐ സംഘം.
വനിത ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുകയാണ്. പോസ്റ്റ് മോർട്ടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ ഡൽഹി ആരോഗ്യമന്ത്രാലയത്തിന് മുന്നിലെ സമരവും ശക്തി ആർജ്ജിക്കുകയാണ്. മഹാരാഷ്ട്രയിലെ റസിഡന്‍റ് ഡോക്ടർമാരുടെ സമരം തുടരുകയാണ്. അതിനിടെ ആർ ജി കർ ആശുപത്രി പരിസരത്തെ നിരോധനാജ്ഞ നീക്കണമെന്ന ആവശ്യവുമായി ഡോക്ടർമാർ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബംഗാളിലെ ക്രമസമാധാന നില ചർച്ച ചെയ്യാൻ ഗവർണർ സി.വി ആനന്ദ ബോസ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇന്ന് കാണും.
മമതാ സർക്കാർ ബംഗാളിലെ ക്രമസമാധാന നില തകർത്തന്ന് ഗവർണർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അതേസമയം പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പൂർത്തിയാക്കിയ സിബിഐ സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്. പ്രതിയുടെ പോളിഗ്രാഫ് ടെസ്റ്റ് ഇന്ന് നടത്തും. ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ സി.ബി.ഐ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു. സി.ബി.ഐ സംഘം ആർജിക്കാർ ആശുപത്രി മുൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അറസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് മുൻ പ്രിൻസിപ്പൽ സഞ്ജയ് ഘോഷ് കോടതിയെ സമീപിച്ചിരുന്നു.