India
നാലു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല; നുപൂർ ശർമക്കെതിരെ ലുക്കൗട്ട് നോട്ടീസ്
India

നാലു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല; നുപൂർ ശർമക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Web Desk
|
2 July 2022 12:49 PM GMT

കൊൽക്കത്ത സ്വദേശിയുടെ പരാതിയിൽ ജൂൺ 13നാണ് നർകേൽദംഗ പൊലീസ് സ്റ്റേഷനിൽ നുപൂർ ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 20ന് മുമ്പ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിൽ അവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

കൊൽക്കത്ത: പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമക്കെതിരെ കൊൽക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലു തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സുപ്രിംകോടതി കഴിഞ്ഞ ദിവസം നുപൂറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

കൊൽക്കത്ത സ്വദേശിയുടെ പരാതിയിൽ ജൂൺ 13നാണ് നർകേൽദംഗ പൊലീസ് സ്റ്റേഷനിൽ നുപൂർ ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 20ന് മുമ്പ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിൽ അവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ജൂൺ 25ന് ആംഹേർസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടും നുപൂർ ശർമക്ക് നോട്ടീസ് അയച്ചിരുന്നു.

അസം, കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നുപൂർ ശർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ അന്വേഷണവുമായി സഹകരിക്കാനോ ചോദ്യം ചെയ്യലിന് ഹാജരാകാനോ നുപൂർ ശർമ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം നുപൂർ ശർമക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോൾ സുപ്രിംകോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. രാജ്യത്തെ കലാപങ്ങൾക്ക് ഉത്തരവാദിയായ നുപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു.

Similar Posts