India
K’taka BJP worker booked for spreading false news on lulu mall flag controversy
India

ലുലു മാളിലെ പാക് പതാക വിവാദം; കർണാടകയിൽ ബിജെപി പ്രവർത്തകയ്‌ക്കെതിരെ കേസ്

Web Desk
|
14 Oct 2023 12:13 PM GMT

പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് 'കോമൺസെൻസ് ഇല്ലേയെന്നും ഇന്ത്യൻ പതാകയ്ക്ക് മുകളിൽ ഒരു പതാകയും പറക്കാൻ പാടില്ലെ'ന്നുമായിരുന്നു ശകുന്തളയുടെ കുറിപ്പ്

തുമക്കുരു: ലുലു മാളിലെ പാക് പതാക വിവാദത്തിൽ കർണാടകയിലെ ബിജെപി പ്രവർത്തകയ്‌ക്കെതിരെ കേസ്. ബിജെപി മീഡിയസെൽ പ്രവർത്തക ശകുന്തള നടരാജിനെതിരെയാണ് ജയനഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ സംഭവത്തെക്കുറിച്ച് പോസ്റ്റ് പങ്കു വച്ചതിനാണ് കേസ്.

പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് നിങ്ങൾക്ക് കോമൺസെൻസ് ഇല്ലേയെന്നും ഇന്ത്യൻ പതാകയ്ക്ക് മുകളിൽ ഒരു പതാകയും പറക്കാൻ പാടില്ലെന്നുമായിരുന്നു ശകുന്തളയുടെ കുറിപ്പ്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ലുലമാളിനെതിരെ ബഹിഷ്‌കരണാഹ്വാനത്തിനുള്ള ഹാഷ്ടാഗുൾപ്പടെയായിരുന്നു പോസ്റ്റ്. കേസ് എടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെന്റിൽ പങ്കെടുക്കുന്ന പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടി കൊച്ചി ലുലു മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരേ വലിപ്പമുള്ളവയാണ് എല്ലാ കൊടികളുമെങ്കിലും പല ആംഗിളുകളിൽ നിന്ന് ചിത്രങ്ങളെടുക്കുമ്പോൾ ഇവ ചെറുതും വലുതുമായാണ് തോന്നുക. ഒരു ആംഗിളിൽ പാക് പതാക വലുതായി തോന്നുന്ന ചിത്രമുപയോഗിച്ച് ഹിന്ദുത്വവാദികൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ് കന്നഡ പതിപ്പും ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനുമടക്കമുള്ളവരാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.

'ഒരു പഞ്ചർവാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളിൽ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവർ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്' എന്ന കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വിവരം എക്‌സിൽ പങ്കുവെച്ചത്.

വ്യാജവാർത്തയെ തുടർന്ന് ലുലുവിലെ മാർക്കറ്റിങ് മാനേജർ ആതിര നമ്പ്യാതിരിക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയും ആതിര രാജി വയ്ക്കുകയും ചെയ്തു. എന്നാൽ വാർത്ത വ്യാജമെന്ന് തെളിഞ്ഞതോടെ ലുലു ഗ്രൂപ്പ് ആതിരയെ തിരികെ ജോലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ലുലു മാളിൽ ഇന്ത്യയുടെ കൊടിയേക്കാൾ വലിയ പാകിസ്താൻ പതാക സ്ഥാപിച്ചുവെന്ന് ഏഷ്യാനെറ്റ് സുവർണ ന്യൂസ് ആണ് വാർത്ത കൊടുത്തത്. പിന്നാലെ ഇത് വ്യാജവാർത്തയാണെന്ന് മലയാളം ഏഷ്യാനെറ്റ് ന്യൂസ് തുറന്നു കാട്ടി. ലുലു മാളിന്റെ ഔദ്യോഗിക വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെക്കുകയായിരുന്നു.

ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ ഈ ഇരട്ടത്താപ്പ് എക്‌സിൽ തുറന്നുകാട്ടിയത് വ്യാപക ചർച്ചയായി. ലുലുമാളിലെ പാക് പതാക സംബന്ധിച്ച് കന്നഡ ഏഷ്യാനെറ്റിന്റെയും മലയാളത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെയുടെ വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ അദ്ദേഹം എക്‌സിൽ പങ്കുവയ്ക്കുകയായിരുന്നു

Similar Posts