അമിത് ഷായുടെ വസതിക്ക് മുന്പില് കുകി വിഭാഗത്തിന്റെ പ്രതിഷേധം
|'സമാധാനം പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകിയിട്ടും മണിപ്പൂരിൽ ഞങ്ങളുടെ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്'
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്പില് പ്രതിഷേധം. ഡൽഹിയിലെ വസതിക്ക് മുൻപിൽ പ്രതിഷേധിച്ചത് മണിപ്പൂരിലെ കുകി വിഭാഗത്തിന്റെ വനിതാ സംഘടനാ നേതാക്കളാണ്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണിപ്പൂരിലെ വംശീയ അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്.
"സമാധാനം പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകിയിട്ടും മണിപ്പൂരിൽ ഞങ്ങളുടെ സമുദായത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. അവിടെ ജീവൻ അപകടത്തിലാണ്. ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ"- പ്രതിഷേധക്കാര്‍ പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അമ്മയെയും മകനെയും സംഘർഷങ്ങൾക്കിടെ ആംബുലൻസിലിട്ട് കത്തിച്ച സംഭവത്തില്‍ മണിപ്പൂരിൽ പ്രതിഷേധം ശക്തമാകുകയാണ്. മെയ് മൂന്നിനായിരുന്നു സംഭവം. മെയ്തെയ് വിഭാഗത്തെ മണിപ്പൂർ സർക്കാർ വെള്ളപൂശാൻ ശ്രമിക്കുന്നു എന്നാണ് കുകി വിഭാഗത്തിന്റെ ആരോപണം. അതേസമയം കലാപകാരികൾ തട്ടിയെടുത്ത ആയുധങ്ങളിൽ ഭൂരിഭാഗം ആയുധങ്ങളും ഇനിയും തിരിച്ചുലഭിച്ചിട്ടില്ല എന്നാണ് സൈന്യം പറയുന്നത്.
മെയ് മാസം മുതല്‍ ഇതുവരെ 80 പേരാണ് കൊല്ലപ്പെട്ടത്. 35,000 പേരെ മാറ്റിപ്പാർപ്പിച്ചു. സമാധാന ശ്രമങ്ങളുടെ ഭാഗമായി അമിത് ഷാ കഴിഞ്ഞയാഴ്ച നാല് ദിവസം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മണിപ്പൂരിന്റെ സമാധാനമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. മണിപ്പൂരിലെ കലാപം വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
Summary- With placards and appeals to stop the ethnic violence in Manipur, women from the state's Kuki tribe protested outside Union Home Minister Amit Shah's residence in New Delhi on Wednesday