'25,000 പെൻഡ്രൈവുകൾ വിതരണം ചെയ്തു': പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ കുമാരസ്വാമി
|പൊലീസ് ഉദ്യോഗസ്ഥരാണ് പെൻഡ്രൈവുകൾ പ്രചരിപ്പിച്ചതെന്നും കുമാരസ്വാമി
ബംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനും എതിരെ ആരോപണവുമായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി.
പ്രജ്വല്‍ രേവണ്ണ, സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വീഡിയോകൾ അടങ്ങിയ 25,000 പെൻഡ്രൈവുകൾ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്തെന്നും പൊലീസുകാരാണ് പിന്നിലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും കുമാരസ്വാമി ആരോപിച്ചു.
പ്രജ്വലിനെതിരായ കുറ്റങ്ങൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയും കുമാരസ്വാമി വിമര്‍ശിച്ചു. പ്രത്യേക അന്വേഷണ സംഘമല്ല, "സിദ്ധരാമയ്യ അന്വേഷണ സംഘവും" "ശിവകുമാർ അന്വേഷണ സംഘവുമാണത്- കുമാരസ്വാമി പറഞ്ഞു.
25,000 പെൻഡ്രൈവുകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്തെന്ന തൻ്റെ ആരോപണത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രാദേശിക ദിനപത്രത്തിലെ റിപ്പോർട്ടും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ഉദ്ധരിച്ചു.
''പൊലീസ് ഉദ്യോഗസ്ഥരാണ് പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചത്. ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹാസ്സന്‍ എന്നിവിടങ്ങളില്‍ മനഃപൂര്‍വം അവര്‍ പെന്‍ഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 22ന് ഇതുസംബന്ധിച്ച് പ്രജ്വല്‍ രേവണ്ണയുടെ തെരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണചന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു''- കുമാരസ്വാമി പറഞ്ഞു.
“ പരാതി കൊടുത്തിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാഞ്ഞത്. സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തെങ്കിലും പോസ്റ്റ് ചെയ്താൽ ഉടൻ തന്നെ വീടുകൾ പൊലീസ് വീടുകളിലെത്തുന്നതാണ്- കുമാരസ്വാമി പറഞ്ഞു.
വീഡിയോയുടെ ഉള്ളടക്കത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകണം, കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കണം. ആരായാലും ഒരാളെയും സംരക്ഷിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യംതന്നെ ഉയരുന്നില്ല. വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരായ അന്വേഷണത്തില്‍ സുതാര്യത ആവശ്യമാണ്. പരാതി നല്‍കിയിട്ടും കുറ്റാരോപിതര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കുമാരസ്വാമി ആരോപിച്ചു.