ബംഗാൾ എംപി കുനാർ ഹെംബ്രാം ബിജെപിയിൽനിന്ന് രാജിവച്ചു
|ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി.
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഝാർഗ്രാം ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി കുനാർ ഹെംബ്രാം പാർട്ടി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തീരുമാനമെന്ന് രാജിക്കത്തിൽ കുനാർ പറയുന്നു. രാജിക്കത്ത് സമൂഹമാധ്യമങ്ങൾ വഴി ഇദ്ദേഹം പങ്കുവച്ചു.
രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കുനാർ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.
പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് ഝാർഗ്രാം. 2019ൽ 11,767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിർബാഹ സോറനെ തോൽപ്പിച്ചിരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചിരുന്നത്.
ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു ഈ മണ്ഡലം. 1977 മുതൽ 2004 വരെ തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ ഇവിടെ ജയിച്ചത് സിപിഎമ്മാണ്. 2014ൽ തൃണമൂലിന്റെ ഡോ. ഉമ സരേൻ വിജയിച്ചു. മൂന്നര ലക്ഷത്തോളമായിരുന്നു ഭൂരിപക്ഷം. എന്നാൽ 2019ൽ ബിജെപി മണ്ഡലം പിടിക്കുകയായിരുന്നു.