India
Kuno: Seventh cheetah dies in India
India

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അഞ്ച് മാസത്തിനിടെ ചാവുന്ന ഏഴാമത്തെ ചീറ്റ

Web Desk
|
12 July 2023 1:50 PM GMT

കുനോയിൽ ചീറ്റകൾ ചാകുന്നതിൽ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു. തേജസ് എന്ന ആൺചീറ്റയാണ് ചത്തത്. കൂട്ടിനുള്ളിൽ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ചീറ്റകൾ തമ്മിലുണ്ടായ അടിപിടിയിൽ ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.

കൂട്ടിനുള്ളിൽ കണ്ടെത്തുമ്പോൾ കഴുത്തിന് സാരമായി പരിക്കേറ്റ നിലയിലായിരുന്നു ചീറ്റ. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ. അഞ്ച് മാസത്തിനിടെ ദേശീയോദ്യാനത്തിൽ ചാവുന്ന 7ാമത്തെ ചീറ്റയാണ് തേജസ്. മാർച്ച് 27ന് സാഷ എന്ന് പേരായ പെൺചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തിരുന്നു. ഏപ്രിൽ 23ന് ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടർന്ന് മറ്റൊരു ചീറ്റയും ചത്തു. ദക്ഷ എന്ന ചീറ്റ ഇണചേരലിനിടെയാണ് ചത്തത്. മോശം കാലാവസ്ഥയും നിർജ്ജലീകരണവും മൂലം മെയ് 25ന് മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തതോടെ ദേശീയോദ്യാനത്തിൽ ചത്തൊടുങ്ങിയ ചീറ്റകളുടെ എണ്ണം ആറായി.

കുനോയിൽ ചീറ്റകൾ ചാകുന്നതിൽ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീറ്റപ്പുലികളെ അയൽ സംസ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റണമെന്നായിരുന്നു കോടതി നിർദേശം. കുനോ കൂടുതൽ ചീറ്റകൾക്ക് അനുയോജ്യമായ ഇടമല്ലെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് തൊട്ടടുത്ത രാജസ്ഥാനിൽ ഒരിടം നോക്കാത്തതെന്നും രാജസ്ഥാൻ ഒരു പ്രതിപക്ഷ പാർട്ടി ഭരിക്കുന്നതുകൊണ്ട് നിങ്ങൾ പരിഗണിക്കുന്നില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും കോടതി പറഞ്ഞു. അത്തരം കാര്യം നിങ്ങൾ പരിഗണിക്കില്ലെന്നും ബെഞ്ച് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്പര്യപ്രകാരം 2022 സെപ്തബറിനും 2023 ഫെബ്രുവരിക്കും ഇടയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12ഉം നമീബയിൽ നിന്ന് എട്ടും ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി അഞ്ചുവർഷം കൊണ്ട് 50 ചീറ്റകളെ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്ട് ചീറ്റ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകൽ, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയിൽ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തിൽ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താൽ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.

Similar Posts