India
Lok Sabha elections; First phase of polling to be held today,latest malayalam news
India

സ്ഥാനാര്‍ഥിയെക്കുറിച്ച് അറിയാന്‍ കെവൈസി ആപ്പ്

Web Desk
|
9 April 2024 11:22 AM GMT

തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക് അറിയാനാവും

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയൊക്കെ ആപ്പ് വഴി വോട്ടര്‍മാര്‍ക്ക് അറിയാനാവും. നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോക്സഭ തിരഞ്ഞെടുപ്പ് സെലക്ട് ചെയ്ത് മണ്ഡലം നല്‍കിയാല്‍ അവിടെ മല്‍സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍ ലഭ്യമാകും. സ്ഥനാര്‍ഥികളുടെ പേര് ടൈപ്പ് ചെയ്ത് നല്‍കിയും തിരച്ചില്‍ നടത്താനാവും.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നതോടെ ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഇത് വഴി ജനാധിപത്യത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. രാജ്യത്തെവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചും കെവൈസി ആപ്പ് വഴി അറിയാനാവും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ എത്ര നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു, എത്ര സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എത്ര, തള്ളിയ നാമനിര്‍ദേശപത്രികകള്‍ എത്ര തുടങ്ങിയ വിവരങ്ങളും ആപ്പില്‍ നിന്ന് ലഭിക്കും.

Similar Posts