"അവൻ എം.എൽ.എ ആയാലെന്താ, ഞാനെപ്പോഴും ഒരു തൂപ്പുകാരി തന്നെയായിരിക്കും"- ഛന്നിയെ തോൽപ്പിച്ച ലാഭ് സിങ്ങിന്റെ അമ്മ
|ബർണാലയില്‍ ലാഭ് സിങ് പഠിച്ച സ്കൂളിലെ തൂപ്പ് ജോലിക്കാരിയാണ് അമ്മ ബൽദേവ് കൗർ
പഞ്ചാബിൽ കോൺഗ്രസിനെ തറപറ്റിച്ച് ആം ആംദ്മി പാർട്ടി നേടിയ ഉജ്വല വിജയത്തിന്റെ ആരവങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോൺഗ്രസിന്റെ വൻമരങ്ങൾ വരെ കടപുഴകി വീണ തെരഞ്ഞെടുപ്പിൽ ആരും പ്രതീക്ഷിക്കാത്ത വൻഭൂരിപക്ഷത്തിനാണ് ആം ആദ്മി അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആം ആദ്മി പാർട്ടി അവതരിപ്പിച്ച സാധാരാണക്കാരായ നിരവധി സ്ഥാനാർത്ഥികളുടെ വിജയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
അതിലൊന്നായിരുന്നു മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിയെ തറപറ്റിച്ച മൊബൈൽ റിപ്പയറിങ് ഷോപ്പിലെ ജോലിക്കാരൻ ലാഭ് സിങ്ങിന്റെ വിജയം. 37,550 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു ലാഭ് സിങ്ങിന്റെ വിജയം. ബർണാലയില്‍ ലാഭ് സിങ് പഠിച്ച സ്കൂളിലെ തൂപ്പ് ജോലിക്കാരിയാണ് ലാഭ് സിങ്ങിന്റെ അമ്മ ബൽദേവ് കൗർ. തന്റെ മകന്റെ വിജയം പഞ്ചാബ് മുഴുവൻ ആഘോഷിക്കുമ്പോൾ വലിയ സന്തോഷത്തിലാണ് കൗർ. എന്നാൽ മകൻ എം.എൽ.എ ആയെന്ന് വച്ച് തന്റെ തൂപ്പ് ജോലി ഉപേക്ഷിക്കാൻ തയ്യാറല്ല ഈ അമ്മ. ഉപജീവനത്തിനായി പണ്ട് മുതലേ കഠിനാധ്വാനം ചെയ്യുന്നവരാണ് തങ്ങൾ എന്നും അതിനാൽ തന്നെ മകൻ എം.എൽ.എ ആയത് കൊണ്ട് തങ്ങളുടെ പഴയ കാലങ്ങളെ മറക്കാനാവില്ലെന്നും ഈ അമ്മ പറയുന്നു.
Punjab | Baldev Kaur, mother of AAP's Labh Singh, who defeated Congress' Charanjit S Channi from Bhadaur in Barnala, continues to work as a sweeper at a govt school in Ugoke village. She says," 'Jhadu' is an important part of my life. I'll continue to do my duty at the school." pic.twitter.com/OuX5kIPLFr
— ANI (@ANI) March 13, 2022
"മകന്റെ വിജയത്തിൽ അതിയായ സന്തോഷമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയെയാണ് അവൻ തോൽപ്പിച്ചത്. നാടിനായി ഒരുപാട് സേവനങ്ങൾ അവന് ചെയ്യാനാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഞാനൊരു തൂപ്പു ജോലിക്കാരിയാണ്. വർഷങ്ങളായി ഞാനീ സ്കൂളിന്റെ ഭാഗമാണ്. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്താണ് ഞങ്ങളിവിടം വരെയെത്തിയത്. മകൻ എം.എൽ.എ ആയത് കൊണ്ട് ഈ ജോലി ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല"- ബൽദേവ് കൗർ പറഞ്ഞു.
ലാഭ് സിങ്ങ് സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു എന്നും സ്കൂളിനായി ഒരുപാട് നേട്ടങ്ങള്‍ അദ്ദേഹം കൊയ്തിട്ടുണ്ടെന്നും സ്കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു.