ജീവനക്കാരിയുടെ മരണം; ഇ.വൈ കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര തൊഴിൽ വകുപ്പ്
|സംഭവത്തിൽ വിശദീകരണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് നീക്കം
മുംബൈ: പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര തൊഴിൽ വകുപ്പ്. അമിത ജോലിസമ്മർദം മൂലം ജീവനക്കാരി മരിച്ച സംഭവത്തിൽ വിശദീകരണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് നീക്കം. കൊച്ചി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റ്യൻ ജൂലൈ 21നാണ് കുഴഞ്ഞുവീണ് മരിച്ചത്. അമിത ജോലിഭാരവും സമ്മർദവും വിശ്രമമില്ലായ്മയും മൂലമാണ് അന്ന മരിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.
കുടുംബത്തിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ തൊഴിൽ വകുപ്പ് കമ്പനിക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു. എന്നാൽ കമ്പനി നോട്ടീസിന് മറുപടി നൽകിയില്ല. കമ്പനിക്കെതിരെ വകുപ്പ് നേരിട്ട് നടപടിയെടുക്കാൻ ഒരുങ്ങുകയാണെന്ന് അഡീഷണൽ ലേബർ കമ്മീഷണർ പറഞ്ഞു. കമ്പനി മറുപടി നൽകാത്തതിനാൽ നിയമനടപടികൾ ആരംഭിക്കുമെന്ന് കമ്മീഷണർ 'ഇന്ത്യ ടുഡേ ടിവി'യോട് പറഞ്ഞു.
തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച പൂനെയിലെ യെർവാഡയിലുള്ള ഇവൈയുടെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. നിരവധി പ്രശ്നങ്ങളാണ് ഉദ്യോഗസ്ഥർ ഇവിടെ കണ്ടെത്തിയത്. 2007 മുതൽ പ്രവർത്തിച്ചിട്ടും 'ഷോപ്പ് ആക്‌ട്' പ്രകാരം ലൈസൻസ് നേടുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ ഓൺലൈൻ ലൈസൻസിന് അപേക്ഷിച്ചതായി ഇവൈ അവകാശപ്പെട്ടു. എന്നാൽ, ഇതിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, വിശദീകരണം നൽകാൻ കമ്പനി മൂന്നോ നാലോ ദിവസം കൂടി വേണമെന്നാവശ്യപ്പെട്ടു. എന്നാൽ കാലാവധി നീട്ടിനൽകില്ലെന്ന് അഡീഷണൽ കമ്മീഷണർ വ്യക്തമാക്കി. ലേബർ കമ്മീഷണറേറ്റ് അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.