India
ലഖിംപൂർ കർഷക കൊല: യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണകമ്മീഷനെ പ്രഖ്യാപിച്ചു
India

ലഖിംപൂർ കർഷക കൊല: യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണകമ്മീഷനെ പ്രഖ്യാപിച്ചു

Web Desk
|
7 Oct 2021 5:48 AM GMT

അലഹബാദ് ഹൈക്കോടതി റിട്ടയർഡ് ജഡ്ജി പ്രദീപ് ശ്രീവാസ്തവയാണ് സംഭവം അന്വേഷിക്കുക. രണ്ട് മാസത്തിനകം കമ്മീഷൻ അന്വേഷണം പൂർത്തിയാക്കും

ലഖിംപൂർ കർഷക കൊലയിൽ ഉത്തർ പ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണകമ്മീഷനെ പ്രഖ്യാപിച്ചു. അലഹബാദ് ഹൈക്കോടതി റിട്ടയർഡ് ജഡ്ജി പ്രദീപ് ശ്രീവാസ്തവയാണ് സംഭവം അന്വേഷിക്കുക. രണ്ട് മാസത്തിനകം കമ്മീഷൻ അന്വേഷണം പൂർത്തിയാക്കും.

സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കർഷകരുടെ കൊലപാതകത്തിനു പിന്നാലെ സുപ്രീം കോടതി മേൽ നോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ യുപി സർക്കാറിന്‍റെ വിശദീകരണം കോടതി തേടിയേക്കും. കർഷകരുടെ കൊലപാതകത്തിൽ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ.

ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.

Similar Posts