ലഖിംപൂർ ഖേരി; അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തല്‍
|നേരത്തേ കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ മകന് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന എഫ്ഐആർ തള്ളി അജയ് മിശ്ര രംഗത്തു വന്നിരുന്നു
ലഖിംപൂർ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ദില്ലിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചു. നേരത്തേ പൊലീസ് എഫ് ഐ ആ ർ തള്ളി കേന്ദ്രമന്ത്രി അജയ് മിശ്ര രംഗത്തു വന്നിരുന്നു. കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അജയ് മിശ്ര ആവശ്യപ്പെട്ടു . ഇന്ന് രാത്രിയോ നാളെയോ അജയ് മിശ്ര ഡൽഹിയിലെത്തും.
കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. ഇതിന് ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ ആശിഷ് കർഷകർക്ക് നേരെ വെടിവെയ്ക്കുകയിരുന്നു. പിന്നീട് കരിമ്പിൻ തോട്ടത്തിലേയ്ക്ക് ഓടി മറഞ്ഞുവെന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.
യുപിയിലെ സീതാപൂരിൽ ഇന്റര്‍നെറ്റ് സേവനങ്ങൾ രാവിലെ മുതല്‍ റദ്ദാക്കിയിരിക്കുകയാണ്. 48 മണിക്കൂറിലേറെയായി കരുതൽ തടങ്കലിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സീതാ പൂരിൽ തുടരുകയാണ്. കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി തുടരുന്നത്. അജയ് മിശ്ര രാജി വെയ്ക്കും വരെ സീതാ പൂരിലടക്കം പ്രതിഷേധം തുടരാനാണ് പ്രിയങ്ക ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
സംഭവത്തില്‍ യുപി സർക്കാർ കേന്ദ്രത്തിനു വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിനാണ് റിപ്പോർട്ട് കൈമാറിയത്.