ലഖിംപൂർ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രക്കെതിരെ അന്വേഷണ റിപ്പോർട്ട്
|ലഖിംപൂർ ഖേരിയിലേത് ആശിഷ് മിശ്രയും സംഘവും ചേർന്ന് ഗൂഡാലോചന നടത്തി ആസൂത്രണം ചെയ്ത കൊലപാതകം
ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ അന്വേഷണ റിപ്പോർട്ട്. കൂട്ടക്കൊല ആസൂത്രിതമാണെന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാറാം ദിവാകറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ ഉൾപ്പെട്ട 13 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നു.
ലഖിംപൂർ ഖേരിയിലുണ്ടായ സംഭവം പെട്ടെന്നുണ്ടായ അപകടമായി തള്ളിക്കളയാനാവില്ല. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവും ചേർന്ന് ഗൂഡാലോചന നടത്തി ആസൂത്രണം ചെയ്ത കൊലപാതകമാണത്. അതുകൊണ്ട് തന്നെ ആശിഷ് മിശ്രക്കൊപ്പം 13 പ്രതികൾക്കെതിരെയും കൊലകപാതകം, ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലുണ്ട്. കേസിലെ പ്രതികൾ ലഖിംപൂർ ജയിലിലാണുള്ളത്. അലഹബാദ് ഹൈക്കോടതിയിൽ അടുത്ത ആഴ്ച ആശിഷ് മിശ്രയുടെ ജാമ്യം പരിഗണിക്കുമ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകൾ നിർണായകമാകും.