ഉത്തര്‍പ്രദേശില്‍ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറ്റി; രണ്ട് കർഷകർ കൊല്ലപ്പെട്ടു
|എട്ട് പേരുടെ നില ഗുരുതരമാണ്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്റെ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു.
ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി രണ്ട് കർഷകർ കൊല്ലപ്പെട്ടു. എട്ടുപേരുടെ നില ഗുരുതരമാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ.ദർശൻ പാൽ പ്രതികരിച്ചു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ കർഷക നേതാവ് രാകേഷ് ടികായത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നേതാക്കളുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ചില കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നുണ്ട്.