ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ
|വധശ്രമക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും അയോഗ്യനാക്കി ഉത്തരവിറക്കിയത്.
ഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
വധശ്രമക്കേസിൽ ഫൈസൽ കുറ്റകാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്‌സാഭാ അംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്‌സഭാ വിജ്ഞാപനം. രണ്ടാം വട്ടമാണ് ഫൈസലിനെ അയോഗ്യനാക്കുന്നത്.
ശിക്ഷ അനുഭവിക്കുന്നതും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും സ്റ്റേ ചെയ്താൽ മാത്രമേ ഫൈസലിന് ലോക്സഭാ അംഗമായി തുടരാൻ കഴിയു.
2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചതാണ് എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷമാണ് കേസിന് കാരണമായത് . മുൻ കോൺഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.