ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം വീണ്ടും പുനഃസ്ഥാപിച്ചു
|2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്നാണ് എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്
ഡൽഹി: ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.
വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി വിധിച്ച പത്തു വർഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായിരുന്നില്ല. ഇവ രണ്ടിലും സ്റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ഫൈസലിന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടത്.
2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്നാണ് എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷമാണ് കേസിന് കാരണമായത്.