ബി.ജെ.പിയുമായി കൈകോർക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ലാലുവിനെ വേട്ടയാടുന്നത്: തേജസ്വി യാദവ്
|ബി.ജെ.പിക്ക് മുന്നിൽ ഒരിക്കലും തല കുനിക്കില്ലെന്നാണ് ലാലു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങിയവർ നടത്തിയ തട്ടിപ്പുകളെല്ലാം സി.ബി.ഐ മറന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ വേട്ടയാടുന്നത് ബി.ജെ.പിയുമായി കൈകോർക്കാൻ വിസമ്മതിച്ചതുകൊണ്ടാണെന്ന് മകനും ആർ.ജെ.ഡി അധ്യക്ഷനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിനെ സി.ബി.ഐ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം.
''ബി.ജെ.പിയുമായി കൈകോർത്തിരുന്നെങ്കിൽ ലാലുവിനെ അവർ രാജാ ഹരിശ്ചന്ദ്രനെന്ന് വിളിക്കുമായിരുന്നു. പക്ഷെ അദ്ദേഹം ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോരാടിയതുകൊണ്ടാണ് ജയിലിൽ പോവേണ്ടി വന്നത്. ഇതുകൊണ്ടൊന്നും ഞങ്ങൾ ഭയപ്പെടില്ല''-തേജസ്വി യാദവ് പറഞ്ഞു.
ബി.ജെ.പിക്ക് മുന്നിൽ ഒരിക്കലും തല കുനിക്കില്ലെന്നാണ് ലാലു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങിയവർ നടത്തിയ തട്ടിപ്പുകളെല്ലാം സി.ബി.ഐ മറന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാലിത്തീറ്റ കുംഭകോണമല്ലാതെ മറ്റൊരു അഴിമതിയും രാജ്യത്ത് നടന്നിട്ടില്ലാത്തപോലെയാണ് തോന്നുന്നത്. ബിഹാറിൽ മാത്രം ഏകദേശം 80 കുംഭകോണങ്ങളാണ് നടന്നത് പക്ഷെ സി.ബി.ഐയും ഇ.ഡിയും എൻ.ഐ.എയും എവിടെയായിരുന്നു?-തേജസ്വി ചോദിച്ചു.
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ നേരത്തെ തന്നെ ലാലു ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.