ജോലിക്ക് പകരം ഭൂമി: അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം
|തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കും കോടതി ജാമ്യം നൽകി
ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയെന്ന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ലാലുവിന്റെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കും ഡൽഹി റൗസ് അവന്യൂ കോടതി ജാമ്യം നൽകി.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ കേസെടുത്തത്. 2004-2009 കാലത്ത് ലാലു മന്ത്രിയായിരുന്ന കാലത്ത് വിവിധ സോണുകളിലെ ഗ്രൂപ്പ്ഡ് തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം.
സിബിഐയുടെ കണക്കനുസരിച്ച് അഴിമതിയുടെ മറവിൽ എട്ട് പേർക്കാണ് റെയിൽവേയിൽ ഗ്രൂപ്പ് ഡി ജോലി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി മുഖാന്തിരമാണ് കൈക്കൂലി സ്വീകരിച്ചതെന്നും പിന്നീട് ഈ സ്വത്തുക്കൾ കുടുംബാംഗങ്ങൾ വഴി കൈക്കലാക്കിയെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുടെ പേരിലേക്കാണ് സ്ഥലം മാറ്റിയത്. റെയിൽവേയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി പരസ്യമോ മറ്റ് വിജ്ഞാപനമോ നൽകിയിട്ടില്ലെന്നും നിയമനം നടത്താൻ പ്രത്യേക തിടുക്കം കാണിച്ചെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.