India
മദ്യനയ അഴിമതിക്കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ
India

മദ്യനയ അഴിമതിക്കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

Web Desk
|
21 March 2024 3:35 PM GMT

വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ട് മണിക്കൂർ നേരം ഇ.ഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനെ തുടർന്ന് കെജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇതിന് ശേഷം കെജ്‌രിവാളിനെ ഇ.ഡി സംഘം കൊണ്ടുപോകും. അതേസമയം അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വീട്ടില്‍ ഇ.ഡി സംഘമെത്തിയത്. സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ്ടായിരുന്നു ഇ.ഡിയുടെ പ്രവേശം.

കെജ്‌രിവാളിന് അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കേസില്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പകപോക്കുകയാണെന്നും ഏത് സമയത്തും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും മുമ്പ് കെജ്‌രിവാൾ തന്നെ പറഞ്ഞിരുന്നു.

Similar Posts