ലതാമങ്കേഷ്‌കർ അവസാനമായി പാടി റെക്കോർഡ് ചെയ്തത് അംബാനി കുടുംബത്തിന് വേണ്ടി
|2018 ലാണ് അവസാനമായി അവർ ഒരു ഗാനം റെക്കോർഡ് ചെയ്യുന്നത്
ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ അപ്രതീക്ഷ വിയോഗത്തിന്റെ ഞെട്ടലിലാണ് ലോകത്തെമ്പാടുമുള്ള ആരാധകർ. വിവിധ ഭാഷകളിലായി അമ്പതിനായിരത്തിലേറെ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് നൽകിയാണ് അവർ ലോകത്തോട് വിടവാങ്ങിയത്.ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു ലതാ മങ്കേഷകർ. അതിനിടയിലാണ് കോവിഡ് ബാധിതയാകുന്നത്.
ആ ശബ്ദമാധുരിയിൽ അവസാനമായി പാടി റെക്കോർഡ് ചെയ്തത് ഗായത്രീ മന്ത്രമായിരുന്നു. 2018 ഡിസംബർ 12 ന് വിവാഹിതരായ മുകേഷ് അംബാനിയുടെ മകൾ ഇഷയെയും ആനന്ദ് പിരാമലിനെയും ആശിർവദിക്കാനായാണ് അവർ ഗായത്രീ മന്ത്രം റെക്കോർഡ് ചെയ്തത്. അനാരോഗ്യം കാരണം വിവാഹത്തിന് എത്താൻ സാധിക്കാത്തതിനാലാണ് അവർ ആശംസയായി ഗായത്രീമന്ത്രം റെക്കോർഡ് ചെയ്ത് വധൂവരന്മാർക്ക് നൽകിയത്.
വിവാഹചടങ്ങുകൾ നടക്കുമ്പോൾ ലതാ മങ്കേഷ്‌കർ പാടി റെക്കോർഡ് ചെയ്ത ഗായത്രീ മന്ത്രവും ഗണേശ സ്തുതിയും വേദിയിൽ മുഴങ്ങിയിരുന്നു. ലതാമങ്കേഷ്‌കറിന്റെ ശബ്ദം വേദിയിൽ അലയടിക്കുമ്പോൾ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വികാരാധീനരായി നിൽക്കുന്ന വീഡിയോയും അന്ന് വൈറലായിരുന്നു. അമിതാബ് ബച്ചന്റെറ ആമുഖത്തോടെയായിരുന്നു ലതാമങ്കേഷ്‌കറിന്റെ ഗാനം വേദിയിൽ പ്ലേ ചെയ്തിരുന്നത്.ഇന്ത്യ കണ്ട ഏറ്റവും വലിയ ആർഭാടവിവാഹങ്ങളിലൊന്നായിരുന്നു അത്. അന്ന് നടന്ന വിവാഹ ചടങ്ങിൽ മകൾക്ക് ലഭിച്ച അനുഗ്രഹമാണിതെന്നായിരുന്നു ഇതെന്നാണ് കോടീശ്വരദമ്പതികൾ അന്ന് പ്രതികരിച്ചത്. അത്രയും അനാരോഗ്യകരമായ അവസ്ഥയിലും ഒറ്റ ടേക്കിലാണ് മങ്കേഷ്‌കർ ഗായത്രി മന്ത്രം റെക്കോർഡ് ചെയ്തതെന്നും ഗായികയോടടുത്ത വൃത്തങ്ങൾ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് രാവിലെയാണ് ലതാമങ്കേഷ്‌കർ മുംബൈയിലെ ആശുപത്രിയിൽ അന്തരിച്ചത്. കോവിഡ് ബാധിതയായതിന് ശേഷം കഴിഞ്ഞ ഒരുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലതാമങ്കേഷ്‌കർ.