India
സിദ്ദു മുസേവാലയുടെ പിതാവിന് വധഭീഷണി; ഒരാൾ അറസ്റ്റിൽ
India

സിദ്ദു മുസേവാലയുടെ പിതാവിന് വധഭീഷണി; ഒരാൾ അറസ്റ്റിൽ

Web Desk
|
8 Sep 2022 11:53 AM GMT

ഭീഷണി കൂടാതെ പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ജയ്പൂർ: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ പിതാവിന് വധഭീഷണി. പിതാവ് ബൽകൗർ സിങ് സിദ്ദുവിനാണ് ഇ-മെയിൽ വഴി വധഭീഷണിയുണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ മഹിപാൽ എന്നയാളാണ് അറസ്റ്റിലായത്. ബൽകൗർ സിങ് സിദ്ദുവിന്റെ പരാതിയിൽ ഡൽഹിയിൽ നിന്ന് മാൻസ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭീഷണി കൂടാതെ പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മാൻസ കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇയാളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ഗൗരവമായ അന്വേഷണം നടത്തുമെന്ന് എസ്.എസ്.പി ഗൗരവ് തുറ പറഞ്ഞു.

അതേസമയം, സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ 34 പേരെ പ്രതികളാക്കി ആ​ഗസ്റ്റ് 21ന് മാൻസ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എട്ട് പ്രതികളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഇതിൽ നാലുപേർ വിദേശത്താണ്.

മെയ് 29നാണ് ഗായകനും രാഷ്ട്രീയ നേതാവുമായ സിദ്ദു മൂസെവാലയെ വെടിവച്ചു കൊന്നത്. 25 വെടിയുണ്ടകൾ മൂസെവാലയുടെ ശരീരത്തിൽ തുളഞ്ഞു കയറിയെന്നാണ് ഓട്ടോപ്‌സി റിപ്പോർട്ടിൽ പറയുന്നത്.

കുപ്രസിദ്ധ മാഫിയാ തലവനായ ലോറൻസ് ബിഷ്‌ണോയ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ഗോൾഡി ബ്രാർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ മൂസെവാലയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Similar Posts