ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍
|27 തവണ മാറ്റിവച്ചതിലൂടെ ശ്രദ്ധയമായ കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക
ഡല്‍ഹി: എസ്.എൻ.സി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. 27 തവണ മാറ്റിവച്ചതിലൂടെ ശ്രദ്ധയമായ കേസ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക . മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണയിലുള്ളത്.
ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹാജരായ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ പരിധിയിൽ വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ , ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട് .
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിനിടെ 33 തവണ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.