India
Law Commission extends deadline for submitting views on UCC till Jul 28, Law Commission extends deadline for submitting views on UCC, Law Commission, UCC, Uniform Civil Code
India

'ലഭിച്ചത് 50 ലക്ഷത്തിലേറെ പ്രതികരണങ്ങൾ'; ഏക സിവിൽകോഡിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടി ലോ കമ്മിഷൻ

Web Desk
|
14 July 2023 4:50 PM GMT

വലിയ തോതിലുള്ള പ്രതികരണത്തെ തുടർന്നാണ് സമയം നീട്ടാൻ തീരുമാനിച്ചതെന്ന് കമ്മിഷൻ അറിയിച്ചു

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധവും വിമർശനവും ഉയരുന്നതിനിടെ ഏക സിവിൽകോഡിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടി ലോ കമ്മിഷൻ. ജൂലൈ 28 വരെയാണ് സമയം നീട്ടിയത്. നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി ഇന്ന് അവസാനിച്ചിരുന്നു.

ജൂൺ 14നാണ് ഏക സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലോ കമ്മിഷൻ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയത്. സംഘടനകൾക്കും വ്യക്തികൾക്കുമെല്ലാം അഭിപ്രായം രേഖപ്പെടുത്താം. വലിയ തോതിലുള്ള പ്രതികരണത്തെ തുടർന്നാണ് സമയം നീട്ടാൻ തീരുമാനിച്ചതെന്ന് കമ്മിഷൻ അറിയിച്ചു.

ഏക സിവിൽകോഡിൽ അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് വലിയ തോതിൽ ആവശ്യവുമുയർന്നിരുന്നതായി ലോ കമ്മിഷൻ സൂചിപ്പിച്ചു. ഇനിയും പ്രതികരണം അറിയിക്കാൻ താൽപര്യമുള്ളവർക്ക് കമ്മിഷൻ വെബ്‌സൈറ്റ് വഴി അറിയിക്കാം.

ഇതുവരെ ഓൺലൈനായി മാത്രം ലോ കമ്മിഷന് 50 ലക്ഷത്തിലേറെ പ്രതികരണങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. നേരിട്ടും വലിയ തോതിൽ അഭിപ്രായങ്ങളും പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി സംഘടനകൾ കമ്മിഷനെ നേരിട്ട് കാണാനും തീരുമാനിച്ചിട്ടുണ്ട്.

Summary: Law Commission extends deadline for submitting views on UCC till Jul 28

Similar Posts