വിവാഹപ്രായം 18, കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി നിയമ കമ്മിഷൻ ശിപാര്‍ശ
|ലോ കമ്മിഷൻ സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് ആൺകുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്നതായിരുന്നു
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിമർശനം ശക്തമാകുന്ന വേളയിൽ 2008ൽ നിയമ കമ്മിഷൻ സമർപ്പിച്ച ശിപാർശകൾ ചർച്ചയാകുന്നു. സുപ്രിംകോടതി മുൻ ജഡ്ജും ലോ കമ്മിഷൻ ചെയർമാനുമായ ജസ്റ്റിസ് എ ആർ ലക്ഷ്മണൻ സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് ആൺകുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്നതായിരുന്നു. നിലവിൽ 21 വയസ്സാണ് ആൺകുട്ടികളുടെ വിവാഹപ്രായ പരിധി. ഇത് വോട്ടവകാശം ലഭിക്കുന്ന 18ആം വയസ്സിൽ തന്നെ ആക്കണമെന്നാണ് നിയമ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി 2006ലെ ശൈശവ വിവാഹനിരോധന നിയമം ഭേദഗതി ചെയ്യണമെന്നും കമ്മിഷൻ നിർദേശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ നിയമത്തിനെതിരെ രംഗത്തുവന്നവർ ചൂണ്ടിക്കാണിക്കുന്നതും ഈ ശിപാർശയാണ്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം ആണ്‍കുട്ടികളുടേത് 21ഉം ആയി തുടരേണ്ടതില്ലെന്നാണ് നിയമ കമ്മിഷന്‍റെ അഭിപ്രായം. ഈ പ്രായ വ്യത്യാസത്തിന് ശാസ്ത്രീയമായ സാധുതയില്ല. അതിനാല്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 ആക്കണമെന്നാണ് നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്.
ഇന്ത്യയില്‍ നിലവിലെ നിയമപ്രകാരം പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുക 18 വയസ്സു മുതലാണ്. ഇതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. ഇത് 16 വയസ്സായി കുറയ്ക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുകയുണ്ടായി. അതേസമയം വിവാഹപ്രായ പരിധി പുനര്‍നിര്‍ണയിക്കുമ്പോള്‍ 21 വയസില്‍ താഴെയുള്ളവര്‍ വിവാഹിതരായാല്‍ നിയമപ്രകാരം കുറ്റകരമാകും. ഇതിലെ വൈരുദ്ധ്യമാണ് വിവിധ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.
'പെണ്‍കുട്ടിയുടെ തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന നിയമം'
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ വ്യക്തമാക്കി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ 'സ്ത്രീ ശാക്തീകരണ'ത്തിന് വേണ്ടിയുള്ള ഈ നീക്കം ഒരർത്ഥത്തിലും ഫലപ്രദമല്ല. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് വിവാഹത്തിലെ അവരുടെ തെരഞ്ഞെടുപ്പുകളെയും ഇഷ്ടങ്ങളെയും പ്രതികൂലമായി ബാധിക്കും. ഒരു പെൺകുട്ടിയുടെ ലൈംഗികതയെ നിയന്ത്രിക്കാനേ നിയമം ഉപകരിക്കൂ. യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തനങ്ങൾ ക്രിമിനൽവൽക്കരിക്കുന്നത് പലപ്പോഴും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരം നിയമങ്ങൾ സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും സ്വയംനിർണയാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദം തെറ്റാണ്. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് നേരത്തെ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 18ആം നിയമ കമ്മിഷനും ഇതേ ശിപാർശ നൽകിയിരുന്നു. ക്രിമിനൽ ശിക്ഷകളിൽ നിന്ന് ആൺകുട്ടികൾക്കിത് പരിരക്ഷ നൽകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
'ഏകീകൃത സിവിൽ കോഡിലേക്കുള്ള വഴി'
ബിൽ വന്നാൽ ശക്തിയായി എതിർക്കുമെന്നും രാജ്യത്ത് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാരെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുക? സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്ന തീരുമാനം യുക്തിഭദ്രമല്ലെന്നും വിഷയം പഠിക്കാതെയാണ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹം, വിവാഹമോചനം എന്നിവയിൽ വ്യക്തിനിയമമുണ്ട് ഏകീകൃത സിവിൽ കോഡിലേക്കുള്ള വഴിയാണ് സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ലീഗ് എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു.
'പെണ്‍കുട്ടികള്‍ക്ക് ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും'
സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 വയസ്സായി നിലനിർത്തിയിട്ടും ഇന്ത്യയിൽ ശൈശവ വിവാഹങ്ങൾ തുടരുകയാണെന്ന് വനിതാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികള്‍ക്ക് വിദ്യാഭ്യാസവും അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും ഉറപ്പുവരുത്തിയാല്‍ മാത്രമേ ശാക്തീകരണം നടക്കൂ. അല്ലാതെ വിവാഹപ്രായം വര്‍ധിപ്പിക്കുന്നത് സ്ത്രീശാക്തീകരണത്തിന് പര്യാപ്തമാവില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.