നിയമം അടിച്ചമർത്തലിനുള്ള ഉപകരണമാകരുത്: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
|'കോടതിയിലെ വാദത്തിനിടെ പറയുന്നതെല്ലാം ജഡ്ജിയുടെ മനസ്സിനെയോ അന്തിമ വിധിയെയോ പ്രതിഫലിപ്പിക്കുന്നില്ല'
ഡല്‍ഹി: നിയമം അടിച്ചമർത്തലിനുള്ള ഉപകരണമായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനമെന്ന നിലയില്‍ കോടതിയുടെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനൊപ്പം പരിമിതികളും മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
"ചിലപ്പോൾ നിയമവും നീതിയും ഒരേ രേഖീയ പാത പിന്തുടരണമെന്നില്ല. നിയമത്തിന് നീതിയുടെ ഉപകരണമാകാന്‍ കഴിയും. അതേസമയം നിയമത്തിന് അടിച്ചമർത്തലിന്റെ ഉപകരണവുമാകാന്‍ കഴിയും. കൊളോണിയൽ കാലത്ത് ഇതേ നിയമം എങ്ങനെ അടിച്ചമര്‍ത്തലിനുള്ള ഉപകരണമാക്കിയെന്ന് നമുക്കറിയാം"- ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
ജഡ്ജിമാര്‍ക്ക് മാത്രമല്ല അധികാര സ്ഥാനങ്ങളിലുള്ളവര്‍ക്കും നീതി ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജുഡീഷ്യൽ സ്ഥാപനങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തുന്നത് അനുകമ്പ, സഹാനുഭൂതി, പൗരന്മാരുടെ നിലവിളികൾക്ക് ഉത്തരം നൽകാനുള്ള കഴിവ് എന്നിവയാണ്- "ശബ്ദമില്ലാത്തവരുടെ ശബ്ദം കേൾക്കാനും മുഖമില്ലാത്തവരുടെ മുഖം കാണാനും നിയമവും നീതിയും തമ്മിലുള്ള സന്തുലിതത്വം എവിടെയാണെന്ന് അറിയാനും നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ ഒരു ജഡ്ജിയെന്ന നിലയിൽ യഥാർത്ഥ ദൗത്യം നിർവഹിക്കാൻ കഴിയും"
കോടതി മുറിയില്‍ ജഡ്ജി പറയുന്ന ഓരോ വാക്കിന്റെയും തത്സമയ റിപ്പോർട്ടിങ് നടക്കുന്നതിനാല്‍ സോഷ്യൽ മീഡിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിങ്ങൾ ജഡ്ജിയെന്ന നിലയില്‍ നിരന്തരം വിലയിരുത്തപ്പെടുന്നു. എന്നാല്‍ കോടതിയിലെ വാദത്തിനിടെ പറയുന്നതെല്ലാം ജഡ്ജിയുടെ മനസ്സിനെയോ അന്തിമ വിധിയെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.
"കോടതികളിൽ നടക്കുന്ന വിധിനിർണയ പ്രക്രിയ സംഭാഷണപരമാണ്. സത്യത്തിന്റെ ചുരുളഴിയുന്നതിനായി കോടതിയിലെ അഭിഭാഷകരും ജഡ്ജിമാരും തമ്മിൽ സ്വതന്ത്രമായ സംഭാഷണം നടക്കുന്നു"- ചീഫ് ജസ്റ്റിസ് പറഞ്ഞു.