'ബാബ സിദ്ദീഖിയുടെ കൊലയ്ക്ക് കാരണം സൽമാൻ ഖാനുമായുള്ള ബന്ധം'; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം
|കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ദിവസങ്ങൾക്ക് മുമ്പ് പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.
മഹാരാഷ്ട്രയിൽ എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദീഖിയെ വെടിവച്ച് കൊന്നതിന്റെ കാരണം ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള ബന്ധം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം രംഗത്തെത്തുകയും ചെയ്തു. കൊലപാതകത്തിനു പ്രേരിപ്പിച്ചത് സിദ്ദീഖിക്ക് സൽമാനുമായുള്ള ബന്ധമാണെന്ന് ബിഷ്ണോയി സംഘാംഗം തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. തങ്ങൾ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് പിടിയിലായ രണ്ട് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു.
ബോളിവുഡ് താരം സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് ബാബ സിദ്ദീഖി. സൽമാന് ഖാന് നിരവധി തവണ ലോറൻസ് ബിഷ്ണോയ് സംഘത്തിൽനിന്ന് വധഭീഷണിയും വധശ്രമവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടനുമായുള്ള ബന്ധത്തിന്റെ പേരിൽ സിദ്ദീഖിയെ ബിഷ്ണോയി സംഘം കൊലപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാനും അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, അനുജ് ഥാപ്പാൻ എന്നിവരുമായുള്ള സിദ്ദീഖിൻ്റെ ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംഘാംഗത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
'സൽമാൻ ഖാൻ- ഞങ്ങൾക്ക് ഈ യുദ്ധം ആവശ്യമില്ലായിരുന്നു. പക്ഷേ നിങ്ങൾ ഞങ്ങളുടെ സഹോദരൻ്റെ ജീവൻ നഷ്ടപ്പെടുത്തി. ഇന്ന് ബാബ സിദ്ദീഖിയുടെ കാര്യം കഴിഞ്ഞു. സിദ്ദീഖിക്ക് നിങ്ങളടക്കമുള്ള ബോളിവുഡ് താരങ്ങളും ദാവൂദും അനുജ് ഥാപ്പാനുമായിട്ടുള്ള ബന്ധവും സ്വത്ത് ഇടപാടുകളുമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്. ഞങ്ങൾക്ക് ആരുമായും വ്യക്തിപരമായ ശത്രുതയില്ല. എന്തായാലും സൽമാൻ ഖാനെയോ ദാവൂദ് സംഘത്തെയോ സഹായിക്കുന്നവർ എന്തും നേരിടാൻ തയ്യാറായിരിക്കണം. ഞങ്ങളുടെ സഹോദരങ്ങളെ ആരെങ്കിലും കൊന്നാൽ ഞങ്ങൾ പ്രതികരിക്കും. ഞങ്ങൾ ആദ്യം അങ്ങോട്ട് കയറി പ്രശ്നമുണ്ടാക്കാറില്ല. ജയ് ശ്രീറാം, ജയ് ഭാരത്, രക്തസാക്ഷികൾക്ക് സല്യൂട്ട്'- പോസ്റ്റിൽ പറയുന്നു.
കൊലപാതകത്തിൽ ഗുണ്ടാ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് അവർ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. കേസിൽ ഇനി ഒരാൾ കൂടിയാണ് പിടിയിലാവാനുള്ളത്. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ ഊർജിതമാണെന്ന് അന്വേഷണ സംഘം അറയിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസിൽ അന്വേഷണം നടത്തുന്നത്. ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിങ് (23), ഉത്തർപ്രദേശ് സ്വദേശി ധർമരാജ് രാജേഷ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാമനായ യുപി സ്വദേശി ശിവകുമാറാണ് രക്ഷപെട്ടത്. സിദ്ദീഖിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ വേലി ചാടി ഓടിയ പ്രതികളെ ഒരു കുറ്റിക്കാട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതികൾക്ക് മുൻകൂർ പണം നൽകി ആയുധങ്ങൾ എത്തിച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിന് ഉപയോഗിച്ച 9.9 എംഎം പിസ്റ്റളും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി ബാന്ദ്ര വെസ്റ്റിലെ വസതിയിലേക്ക് മകനും എംഎൽഎയുമായ സീഷൻ സിദ്ദീഖിയുടെ നിർമൽ നഗറിലെ ഓഫീസിൽ നിന്ന് മടങ്ങുന്നതിനിടെയാണ് 66കാരനായ നേതാവിനെ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. 15 ദിവസം മുമ്പ് ബാബ സിദ്ദീഖിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു. അതീവ സുരക്ഷ ഭേദിച്ചാണ് ഭരണകക്ഷി നേതാവിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ 25-30 ദിവസമായി പ്രതികൾ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം നടത്താനായി മൂന്നു പേരാണ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അവസരം ഒത്തുകിട്ടാനായി കാത്തിരുന്നു. ഒടുവിൽ രാത്രി 9.15നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ മകന്റെ ഓഫീസിനു സമീപത്തുവച്ച് വെടിയുതിർക്കുകയായിരുന്നു. കാറിൽ കയറുന്നതിനിടെയായിരുന്നു പ്രതികൾ വെടിവച്ചത്. ഉടൻ തന്നെ മുബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ മഹാരാഷ്ട്രയിലെ ബിജെപി- ഷിൻഡെ സർക്കാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.