ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫർ; ജയിലിലേക്ക് കത്ത്
|ഉത്തർ ഭാരതീയ വികാസ് സേനയാണ് ബിഷ്ണോയിക്ക് സ്ഥാനാർതിഥ്വം വാഗ്ദാനം ചെയ്ത് കത്തയച്ചത്
മുംബൈ: തടവിൽ കഴിയുന്ന ഗ്യാങ്സ്റ്റര്‍ ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫർ.ഉത്തർ ഭാരതീയ വികാസ് സേനയാണ് ബിഷ്ണോയിക്ക് സ്ഥാനാർതിഥ്വം വാഗ്ദാനം ചെയ്ത് കത്തയച്ചത്.
പഞ്ചാബിൽ നിന്ന് എത്തി മുംബൈയുടെ ഉറക്കം കെടുത്തുന്ന ഗുണ്ടാത്തലവനെ പാർട്ടി സ്ഥാനാർഥിയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് ഉത്തർ ഭാരതീയ വികാസ് സേന അധ്യക്ഷൻ സുനിൽ ശുക്ലയാണ് ജയിലിലേക്ക് കത്ത് അയച്ചത്. നാല് സ്ഥാനാർഥികളെ പാർട്ടി നിശ്ചയിച്ചു കഴിഞ്ഞെന്ന് കത്തിൽ സുനിൽ വ്യക്തമാക്കുന്നുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ സമ്മതം ലഭിച്ചാൽ 50 മണ്ഡലങ്ങളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാമെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത് . രക്തസാക്ഷി ഭഗത് സിങ്ങിനെയാണ് ലോറൻസ് ബിഷ്ണോയിൽ കാണുന്നതെന്ന് പറയുന്ന കത്തിൽ ഉത്തരേന്ത്യക്കാർക്ക് മഹാരാഷ്ട്രയിൽ സംവരണാനുകൂല്യം നിഷേധിക്കപ്പെടുന്നതിനെ വിമർശിക്കുന്നുമുണ്ട്.
ബോളിവുഡ് താരം സൽമാൻ ഖാനെതിരെയുള്ള ഭീഷണിയുടെ പേരിൽ ബിഷ്ണോയി വാർത്തകളിൽ നിറയുന്നതിനിടെയാണ് ഉത്തർ ഭാരതീയ വികാസ് സേനയുടെ നീക്കം. നേരത്തെ എൻസിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിലും ബിഷ്ണോയിയുടെ പേര് ഉന്നയിക്കപ്പെട്ടിരുന്നു. കൊലപാതകം ,കൊള്ള തുടങ്ങി ഇരുപത്തഞ്ചോളം കേസുകളിൽ പ്രതിയായ ബിഷ്ണോയി അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ഏകാന്തതടവിലാണ് . തടവിൽ കിടന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള ക്രിമനൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നുവെന്ന ആരോപണം ശക്തമാണ്.