അമിത് ഷായ്ക്കെതിരെ പരാമർശം; അഭിഭാഷകനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
|വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് പ്രദേശിക ടിവിചാനലിന്റെ ടോക്ക് ഷോയിൽ പങ്കെടുത്ത ഒരാളായിരുന്നു അഭിഭാഷകൻ
ഇംഫാൽ: പ്രാദേശിക ടിവി ചാനൽ ടോക്ക് ഷോയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചെന്നാരോപിച്ച് മണിപ്പൂരിലെ അഭിഭാഷകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇംഫാലിലെ കീഴ്കോടതിയിലെ അഭിഭാഷകനായ സനോജം സമാചോറോൺ സിങ്ങാണ് അറസ്റ്റിലായത്.
ബിജെപി യുവമോർച്ച (ബിജെവൈഎം) അധ്യക്ഷൻ മണിപ്പൂർ എം ബാരിഷ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മണിപ്പൂർ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് വരെ ഹിന്ദി ഭാഷ നിർബന്ധമാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് ഏപ്രിൽ ഒമ്പതിന് പ്രദേശിക ടിവിചാനലിന്റെ ടോക്ക് ഷോയിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു അഭിഭാഷകൻ. 'അമിത് ഷായ്ക്കെതിരെ നിന്ദ്യവും അപകീർത്തികരമായ ഭാഷയും ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ 'മൃഗങ്ങൾ' എന്ന് പോലും വിശേഷിപ്പിച്ചുകൊണ്ട് അഭിഭാഷകൻ മനഃപൂർവ്വം അവഹേളിക്കുകയുംഇകഴ്ത്തുകയും ചെയ്തുവെന്നും മറ്റ് പാനലിസ്റ്റുകൾ വിലക്കിയിട്ടും ഇത്തരം ഭാഷ ഉപയോഗിക്കുന്നത് തുടർന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന്, ചൊവ്വാഴ്ച വൈകുന്നേരം ഇംഫാൽ പൊലീസ് സിങ്ങിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഭിഭാഷകനെ ഡ്യൂട്ടി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.