India
യുവ അഭിഭാഷകർക്ക് കൃത്യമായ വേതനം നൽകണം: അഭിഭാഷകരോട് ചീഫ് ജസ്റ്റിസ്
India

'യുവ അഭിഭാഷകർക്ക് കൃത്യമായ വേതനം നൽകണം': അഭിഭാഷകരോട് ചീഫ് ജസ്റ്റിസ്

Web Desk
|
27 Oct 2024 11:13 AM GMT

പരിശീലനകാലത്ത് യുവ അഭിഭാഷകരെ പരിഗണിക്കുന്ന പരസ്പരം കൊടുക്കൽ വാങ്ങലാണ് ഉണ്ടാകേണ്ടതെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പഠിക്കാനും പരിശീലനത്തിനുമായി എത്തുന്ന യുവ അഭിഭാഷകർക്ക് കൃത്യമായ ശമ്പളവും പ്രതിഫലവും നൽകണമെന്ന് മുതിർന്ന അഭിഭാഷകരോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് . ഓൾ ഇന്ത്യ റേഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ആദ്യകാലത്ത് നേടുന്ന മുന്നേറ്റം കരിയറിൽ ഉടനീളം കാത്തുസൂക്ഷിക്കാൻ കഴിയുകയെന്നത് അഭിഭാഷക ജോലിയിൽ വളരെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രൊഫഷനിൽ ഉയർച്ചയും വീഴ്ചയും ഉണ്ടാകും. ആദ്യ കാലത്ത് യുവ അഭിഭാഷകര്‍ക്ക് ലഭിക്കുന്ന തുക കരിയിറിൽ ഉടനീളം അവർക്ക് നിർണായകമായേക്കും. അതിനാൽ യുവ അഭിഭാഷകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. അതുപോലെ, നമ്മുടെ ഘടനകളും മാറണം. ഉദാഹരണത്തിന്, യുവ അഭിഭാഷകർക്ക് ശരിയായ വേതനവും ശമ്പളവും എങ്ങനെ നൽകണമെന്ന് അഭിഭാഷകർ പഠിക്കണം. യുവ അഭിഭാഷകരിൽ നിന്നും പലകാര്യങ്ങൾ നമുക്ക് പഠിക്കാനും അറിയാനും ഉണ്ടാകും. അതിനെ പരിഗണിക്കുന്ന പരസ്പരം കൊടുക്കൽ വാങ്ങലാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേസുകൾ പരിഗണിക്കുന്നതിൽ ജഡ്ജിമാരുടെ പ്രതിജ്ഞാബദ്ധതയെ കുറിച്ച് ചീഫ് ജസ്റ്റിസ് പ്രസ്താവന നടത്തിയിരുന്നു. അവധിക്കാലത്തും ജോലിചെയ്യുകയാണ് ജഡ്ജിമാരെന്നും വെക്കേഷനിൽ അവർ വിനോദയാത്ര പോവുകയല്ല ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു. ജുഡീഷ്യൽ സംവിധാനത്തിലെ വെക്കേഷൻ സംബന്ധിച്ച വിവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Similar Posts