India
നേതൃത്വത്തിന് വേണ്ടത് സ്തുതിപാഠകരെയാണ്, മോദിയുമായി ഒരു ധാരണയുമില്ല: ഗുലാം നബി ആസാദ്
India

നേതൃത്വത്തിന് വേണ്ടത് സ്തുതിപാഠകരെയാണ്, മോദിയുമായി ഒരു ധാരണയുമില്ല: ഗുലാം നബി ആസാദ്

Web Desk
|
29 Aug 2022 7:36 AM GMT

സ്തുതിപാഠകരല്ലാത്ത നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലിയാണ് കോൺഗ്രസിനകത്ത് ഇപ്പോൾ നടക്കുന്നതെന്നും ഗുലാം നബി ആസാദ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ്. നേതൃത്വത്തിന് വേണ്ടത് സ്തുതിപാഠകരെയാണെന്ന് ഗുലാംനബി കുറ്റപ്പെടുത്തി. സ്വന്തം പാർട്ടിയിൽ നിന്നും പുറത്ത് പോകാൻ സമ്മർദം ഉണ്ടായി. മോദിയുമായി ഒരു ധാരണയും ഇല്ലെന്നും ജി. 23യിൽ ഉൾപ്പെട്ടതിന്റെ പേരിൽ തന്നെ ലക്ഷ്യം വെച്ച് നീക്കം നടന്നതായും ഗുലാം നബി ആസാദ് പറഞ്ഞു.

ജി 23 നേതാക്കൾ പാർട്ടിയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് തനിക്കെതിരെ പാർട്ടിക്കകത്ത് വലിയ നീക്കമുണ്ടായതെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. സ്തുതിപാഠകരല്ലാത്ത നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലിയാണ് കോൺഗ്രസിനകത്ത് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജിക്ക് ശേഷം ഗുലാം നബി ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരം വാർത്തകളെയെല്ലാം പാടെ തള്ളിയിരിക്കുകയാണ് ഗുലാം നബി ആസാദ്. അത്തരം വാർത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു ഗുലാം നബി കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കബിൽ സിബൽ പുറത്തുപോയതിനു പിന്നാലെയുള്ള ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്. ഗുലാം നബിയുടെ വഴിയിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ നിന്ന് പുറത്തുപോവുകയാണെങ്കിൽ വരാനിരിക്കുന്ന ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ ക്ഷീണമുണ്ടാക്കും.

പക്വതയില്ലാത്ത സമീപനമാണ് രാഹുൽ ഗാന്ധിക്ക് ഉള്ളതെന്നും, പാർട്ടിയിൽ അഭിപ്രായ രൂപീകരണം എന്ന പ്രക്രിയ നടക്കുന്നില്ലെന്നും അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സംഘടനയിൽ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളിൽ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തന്റെ രാജിക്കത്തിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പോലും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

Similar Posts