81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി വിൽപനക്ക്; നാലുപേർ പിടിയിൽ
|ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് ഇന്ത്യക്കാരുടെ പാസ്പോർട്ട്, ആധാർ വിവരങ്ങൾ ചോർത്തി ഡാർക് നെറ്റിൽ വിൽപനക്ക് വെക്കുകയായിരുന്നു.
ഡൽഹി: ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയ നാല് പേർ പിടിയിൽ. ഡൽഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ വിവരങ്ങളും ചോർത്തിയെന്ന് പ്രതികൾ മൊഴി നൽകി.
ഒക്ടോബറിൽ ഇന്ത്യയുടെ ഡാറ്റ ബേസിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് അമേരിക്കൻ ഏജൻസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു അധികൃതർ. തുടർന്ന് ഈ മാസം ആദ്യം ഡൽഹി പോലീസിന്റെ സൈബർ വിങ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷ സ്വദേശിയായ ഒരാളും രണ്ടു ഹരിയാന സ്വദേശികളും ഒരു യുപി സ്വദേശിയുമാണ് പിടിയിലായത്. പിടിയിലായ ഒഡീഷ സ്വദേശി ബി. ടെക് ബിരുദദാരിയാണ്.
ഗെയിമിങ് പ്ലാറ്റഫോമിലൂടെ പരിചയപ്പെട്ട ഇവർ പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഎംആർ ഡാറ്റ ചോർത്തിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐ, പാക് സിഎൻഐസി തുടങ്ങിയവയുടെ വിവരങ്ങളും ഇവർ ചോർത്തിയതായാണ് വിവരം. ഐസിഎംആർ ഡാറ്റയിലെ ഇന്ത്യക്കാരുടെ പാസ്പോർട്ട്, ആധാർ വിവരങ്ങളാണ് ഇവർ ചോർത്തിയത്. തുടർന്ന് ചോർത്തിയ ഡാറ്റ ഡാർക്ക് നെറ്റിൽ വില്പനക്ക് വെക്കുകയായിരുന്നു.
കോടതി റിമാൻഡ് ചെയ്ത ഇവർ ഡൽഹി പോലീസ് കസ്റ്റഡിയിലാണുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തുവരികയാണ്.