India
Leave by December 31, traders in Chamoli town tells Muslims
India

ഡിസംബർ 31നകം മുസ്‌ലിംകൾ ചാമോലി വിടണമെന്ന് വ്യാപാരിസംഘടന

Web Desk
|
19 Oct 2024 10:54 AM GMT

ന്യൂനപക്ഷ വിഭാഗക്കാരിൽനിന്ന് ഹിന്ദു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് വ്യാപാരി മണ്ഡൽ നേതാവ് വീരേന്ദ്ര സിങ് പറഞ്ഞു.

ഡെറാഡൂൺ: ഡിസംബർ 31നകം 15 മുസ്‌ലിം കുടുംബങ്ങൾ ചാമോലി വിടണമെന്ന് വ്യാപാരിസംഘടന. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളോടാണ് പ്രദേശം വിട്ടുപോകണമെന്ന് വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ഖൻസാറിലെ മൈതാൻ മാർക്കറ്റിൽ നടന്ന ബോധവൽക്കരണ റാലിക്ക് ശേഷം നടന്ന യോഗത്തിലാണ് മുസ്‌ലിംകൾ പ്രദേശം വിട്ടുപോകണമെന്ന പ്രമേയം പാസാക്കിയതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

പ്രാദേശിക വ്യാപാരികളാണ് പ്രധാനമായും റാലിയിൽ പങ്കെടുത്തത്. ഇവർ പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയതെന്നും പ്രതിരോധ നടപടിയുടെ ഭാഗമായാണ് ഇതെന്നും മുൻ വ്യാപാരി സമിതി പ്രസിഡന്റും നിലവിൽ മൈതാൻ സേവാ സമിതി പ്രസിഡന്റുമായ വീരേന്ദ്ര സിങ് പറഞ്ഞു.

ഡിസംബർ 31നകം ചാമോലി വിട്ടുപോകാത്ത മുസ്‌ലിം കുടുംബങ്ങൾക്കെതിരെ മാത്രമല്ല അവർക്ക് വീടോ കച്ചവട സ്ഥാപനങ്ങളോ വാടകക്ക് കൊടുത്ത ഭൂവുടമകൾക്കെതിരെയും നിയമനടപടിയുണ്ടാകുമെന്ന് വീരേന്ദ്ര സിങ് പറഞ്ഞു. ഭൂവുടമകൾ 10,000 രൂപ പിഴയൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഖൻസാർ താഴ്‌വരയിലെ ഗ്രാമങ്ങളിലേക്ക് വഴിയോരക്കച്ചവടക്കാർ പ്രവേശിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ ആരെങ്കിലും കച്ചവടം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർ 10,000 രൂപ പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരും. സമീപ ഗ്രാമങ്ങളിലുണ്ടായതുപോലെ ന്യൂനപക്ഷ വിഭാഗക്കാരിൽനിന്ന് ഹിന്ദു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തതെന്നും വീരേന്ദ്ര സിങ് വിശദീകരിച്ചു.

അതേസമയം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ച മുസ്‌ലിം വ്യാപാരി ആരോപണം പൂർണമായും തള്ളി. തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആരും ഇതുവരെ അത്തരം ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടില്ല. വ്യാപാരി കൂട്ടായ്മയുടെ തീരുമാനം സാമുദായിക സൗഹാർദം തകർക്കാനും ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനും മാത്രം ലക്ഷ്യമിട്ടുള്ളതാണ് പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനോടെ അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പ്രമേയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു ചമോലി എസ്പി സർവേശ് പൻവാറിന്റെ പ്രതികരണം.

11 ഗ്രാമപഞ്ചായത്തുകളാണ് ഖൻസാർ താഴ്‌വരയിലുള്ളത്. സെപ്റ്റംബറിൽ നന്ദ്ഗഢിലെ മുസ്‌ലിംകളുടെ കടകൾക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണമുണ്ടായിരുന്നു. പുറത്തുനിന്നുള്ള വ്യാപാരികളുടെ കടകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ചമോലിയിൽ റാലിയും നടത്തിയിരുന്നു. ഒരു ബിജെപി പ്രവർത്തകന്റെ അടക്കം 11 മുസ്‌ലിം കുടുംബങ്ങൾ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ഇവിടംവിട്ടുപോയിരുന്നു.

Similar Posts