'രാഷ്ട്രീയക്കാർ ഞങ്ങളെ വെറുതെ വിടണം'; സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ കുടുംബം
|കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് മുംബൈ മേയർ കിഷോരി പെഡ്നേക്കറിന് കുടുംബം പരാതി നൽകി
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാർ അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നാരായൺ റാണെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയത്.
ഏക മകളെ തനിക്ക് നഷ്ടപ്പെട്ടു. അവളുടെ പേര് അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുക വഴി കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ദിഷയുടെ അമ്മ വാസന്തി സാലിയൻ പറഞ്ഞു. തങ്ങളെ സമാധാനത്തോടെ ജീവിക്കാനനുവദിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് മുംബൈ മേയർ കിഷോരി പെഡ്നേക്കറിന് കുടുംബം പരാതി നല്‍കുകയും ചെയ്തു. മകളുടെ പേര് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആവർത്തിച്ചാൽ തുടർ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും ദിഷയുടെ അമ്മ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കുടുംബത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ദിഷയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തരാണെന്നും വാസന്തി സാലിയൻ പറഞ്ഞു. ദിഷയുടെ മരണം കൊലപാതകമാണെന്ന രാഷ്ട്രീയ നേതാക്കളുടെ അവകാശവാദങ്ങളും അവര്‍ നിഷേധിച്ചു. സുഹൃത്തുക്കളുടെ കൂടെ ജന്മദിനാഘോഷ പരിപാടിക്ക് വേണ്ടിയാണ് ദിഷ പോയതെന്നും ബിസിനസ്സ് ഡീലുകൾ റദ്ദാക്കിയതിന് ശേഷം മകള്‍ സമ്മര്‍ദത്തിലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്ന് മുംബൈ പൊലീസിനോട് വനിത കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
സുഷാന്ത് സിങ് രാജ്പുതിനെ സബർബൻ ബാന്ദ്രയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന് ആറ് ദിവസത്തിന് ശേഷമാണ് ദിഷ സാലിയന്റെ മരണം. മലാഡിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു ദിഷ. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും തെളിവുകൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.