ജെ.എൻ.യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വിജയം
|നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുകയിരുന്നു ഇടതുസഖ്യം
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും എ.ബി.വി.പി സ്ഥാനാർഥികളെ പരാജയപ്പെടുത്തി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുകയിരുന്നു ഇടതുസഖ്യം.
പ്രസിഡന്റായി ധനഞ്ജയെ തെരഞ്ഞെടുത്തു. 922 വോട്ടുകൾക്കാണ് ധനഞ്ജയ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ എബിവിപി സ്ഥാനാർഥിക്ക് 1676 വോട്ടെ ലഭിച്ചുള്ളൂ. എൻഎസ്യുഐക്ക് 383 വോട്ടും ലഭിച്ചു. ജനറൽ സെക്രട്ടറിയായി പ്രിയാൻഷി ആര്യയെ തെരഞ്ഞെടുത്തു. 2887 വോട്ടുകളാണ് പ്രിയാൻഷി നേടിയത്.
ഇടതുസഖ്യ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക അവസാന നിമിഷം തള്ളിയതിനെ തുടർന്ന് ബാപ്സ സ്ഥാനാർഥിയായ പ്രിയാൻഷിക്ക് ഇടത് സംഘടനകൾ പിന്തുണ നൽകുകയിരുന്നു. എബിവിപിയുടെ അർജുൻ ആനന്ദിന് 1961 വോട്ടുകൾ ലഭിച്ചു. 2574 വോട്ടുകളോടെ എം.ഒ. സാജിദ് ജോയന്റ് സെക്രട്ടറിയായും 2409 വോട്ടുകളോടെ വൈസ്. പ്രസിഡന്റായി അവിജിത് ഘോഷും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥികളുടെ വിജയമാണ് ഇതെന്നും അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുമെന്നും ധനഞ്ജയ് മീഡിയവണിനോട് പറഞ്ഞു.
സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലർ സ്ഥാനാർഥി എസ്.എഫ്.ഐ. പാനലിൽ മത്സരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചു. സ്കൂൾ ഓഫ് ലാംഗ്വജസ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാർഥി മുഹമ്മദ് കൈഫും വിജയിച്ചു. വിജയികളെ സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി അഭിനന്ദിച്ചു.