ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കാനുള്ള ചർച്ചകൾ തുടർന്ന് കോൺഗ്രസ്
|രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം
ഡല്‍ഹി: പ്രതിപക്ഷ ഐക്യം ശക്തമാക്കാനുള്ള ചർച്ചകൾ തുടർന്ന് കോൺഗ്രസ്. പാർലമെന്‍റിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. ഇതിനായി ഉടൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കും.
കോൺഗ്രസിന്‍റെ ഒരു മാസം നീണ്ട പ്രതിഷേധ പരിപാടി ജയ് ഭാരത് തുടരുകയാണ്. ബ്ലോക്ക്, മണ്ഡലം തലങ്ങളിലുള്ള സത്യഗ്രഹമാണ് നടക്കുന്നത്. ഏപ്രിൽ 8ന് ശേഷം ഡിസിസി , പിസിസി തല പ്രതിഷേധവും ഏപ്രിൽ മൂന്നാം വാരം ഡൽഹിയിൽ വൻ പ്രതിഷേധവും സംഘടിപ്പിക്കും.
മഹിളാ കോൺഗ്രസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ ജയ് ഭാരത് സത്യാഗ്രഹത്തിൻ്റെ ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത സമര പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാന തലത്തിൽ എസ്.സി, എസ്.ടി ന്യൂനപക്ഷ വിഭാഗങ്ങൾ അംബേദ്കറിൻ്റെയോ മഹാത്മാ ഗാന്ധിയുടെയോ പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധിക്കും. ബ്ലോക്ക് തലം മുതൽ ദേശീയ തലം വരെ ഘട്ടങ്ങളായി നടക്കുന്ന ജയ് ഭാരത് സത്യാഗ്രഹത്തിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും, എഐസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പടെയുള്ള ദേശീയ നേതാക്കളും പങ്കെടുക്കും. നരേന്ദ്ര മോദി അദാനി കൂട്ടുകെട്ട് സംബന്ധിച്ച വിഷയങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിക്കാൻ ആണ് രാഹുൽ ഗാന്ധിയുടെ ലീഗൽ ടീമിന് എതിരെ വ്യാജ പ്രചരണം നടത്തുന്നത് എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.