India
പാര്‍ലമെന്‍റിനെ കേന്ദ്രസര്‍ക്കാര്‍ വകവെക്കുന്നില്ല; പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി ബില്ലുകൾ പാസാക്കുന്നുവെന്ന് ഇടത് എം.പിമാര്‍
India

പാര്‍ലമെന്‍റിനെ കേന്ദ്രസര്‍ക്കാര്‍ വകവെക്കുന്നില്ല; പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി ബില്ലുകൾ പാസാക്കുന്നുവെന്ന് ഇടത് എം.പിമാര്‍

Web Desk
|
5 Aug 2021 4:16 PM GMT

ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയാണ് കേന്ദ്രമെന്നും എം.പിമാര്‍ ആരോപിച്ചു

പാര്‍ലമെന്റിനെ കേന്ദ്രസര്‍ക്കാര്‍ വകവെക്കുന്നില്ലെന്ന് ഇടത് എം.പിമാരുടെ വിമര്‍ശനം. പാര്‍ലമെന്റ് അംഗങ്ങളോട് ഒരു മര്യാദയും ഇല്ലാതെയാണ് ഇരുസഭകളിലും കേന്ദ്രം പെരുമാറുന്നത്. പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി ബില്ലുകൾ പാസാക്കിയെടുക്കുന്നു. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയാണ് കേന്ദ്രമെന്നും ഇടത് എം.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാർലമെന്റിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് വർഷകാല സമ്മേളനം നടക്കുന്നതെന്ന് എളമരം കരീം എം.പി പറഞ്ഞു. പ്രതിപക്ഷവുമായി യോജിച്ചു പോകാനുള്ള ഒരു നീക്കവും ഭരണപക്ഷം കാണിക്കുന്നില്ല. എല്ലാം ചർച്ച ചെയ്യാമെന്ന വാക്ക് ഇതുവരെയും സർക്കാർ പാലിച്ചില്ലെന്ന് ബിനോയ് വിശ്വം എം.പി വ്യക്തമാക്കി.

പെഗാസസ് വിഷയം അടക്കം പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയവും ചർച്ചക്കെടുക്കാൻ ഭരണപക്ഷം തയ്യാറാവുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര പണം ചെലവഴിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പാർലമെന്‍ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് ബില്ലുകൾ എത്തുന്നില്ലെന്നും എം.പിമാർ പറഞ്ഞു. ഗുരുതരമായ സാഹചര്യമാണ് പാർലമെന്‍റിനകത്ത് നടക്കുന്നത്. മാധ്യമപ്രവേശനം ലംഘിച്ചതോടെ അകത്ത് നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുന്നില്ല. സഭ ടി.വി പലപ്പോഴും നിർത്തിവെക്കുന്നു. ഇത് പൗരാവകാശ ലംഘനമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെതിരെ നിലകൊള്ളുമെന്നും വിഷയത്തിൽ ഒന്നിച്ച് നീങ്ങാമെന്നാണ് രാഹുൽ ഗാന്ധിയുടെ യോഗത്തിൽ തീരുമാനിച്ചതെന്നും ഇടത് എം.പിമാർ വ്യക്തമാക്കി.

Similar Posts